സംസ്ഥാനത്ത് വിവ ക്യാമ്പയിൻ ആരംഭിച്ചു. വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിൻ പൊതുജനാരോഗ്യ രംഗത്ത് സർക്കാർ നടത്തുന്ന ഏറ്റവും വലിയ ഇടപെടലുകളിലൊന്നാണ്.
കേരളത്തിന്റെ ആരോഗ്യമേഖല ഒട്ടേറെക്കാര്യങ്ങളിൽ രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയാണ്. കേരളത്തിന്റെ ആരോഗ്യനേട്ടങ്ങളുടെ ആണിക്കല്ല് സാമൂഹിക വികസനത്തിലൂടെ ആരോഗ്യനേട്ടങ്ങൾ കൈവരിച്ചു എന്നതാണ്. സൗജന്യവും സർവ്വത്രികവുമായാ വിദ്യാഭ്യാസം എന്ന നയം ആളുകളെ, പ്രത്യേകിച്ചും സ്ത്രീകളെ വിദ്യാസമ്പന്നരാക്കുകയും അത് പലതരത്തിൽ ആരോഗ്യകരമായ പോഷണ ശീലങ്ങളിലേക്ക് നമ്മെ നയിക്കുകയും ചെയ്തു. കൈ കഴുകി ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പാദരക്ഷകൾ ഉപയോഗിച്ച് വിരബാധകൾ തടയുക തുടങ്ങി ലളിതമായ മാർഗ്ഗങ്ങളിലൂടെ ഒട്ടേറെ പകർച്ചവ്യാധികളെയും പോഷണപ്രശ്നങ്ങളെയും തുടച്ചു നീക്കാൻ കേരളസമൂഹത്തിന് കഴിഞ്ഞു. എങ്കിലും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരിൽ തുടർന്ന് വരുന്ന പോഷണപ്രശ്നങ്ങളെ പരിഹരിക്കാൻ തുടർച്ചയായി ശ്രമിച്ചുവരികയാണ്. ക്ഷേമപെൻഷനുകൾ മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്നത് അവശവിഭാഗങ്ങളിലുള്ളവരുടെ ഭക്ഷണ ആവശ്യത്തിനാണ് എന്നതിനാലാണ് സർക്കാർ പ്രതിസന്ധികൾക്കിടയിലും അതിന് വലിയ പ്രാധാന്യം നൽകുന്നത്. പൊതു വിതരണ സംവിധാനം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനോടൊപ്പം കോവിഡ് പോലെയുള്ള സവിശേഷ സന്ദർഭങ്ങളിൽ ഭക്ഷണ-പോഷണ ലഭ്യതയിൽ സർക്കാർ ശക്തമായി ഇടപെടുന്നുണ്ട്.
ആരോഗ്യമേഖലയിൽ വലിയ ഭീഷണികളുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഉയർന്നുവരുന്ന രോഗാതുരതയും പുത്തൻ പകർച്ചവ്യാധികളും നമുക്ക് നിരന്തരം ഭീഷണി ഉയർത്തുന്നു. ആരോഗ്യ മേഖലയിൽ സർക്കാർ സംവിധാനത്തിൽ തന്നെ ഉയർന്ന ഗുണമേന്മയുള്ള വലിയ പശ്ചാത്തല സൗകര്യങ്ങളൊരുക്കി, നിരന്തര ഇടപെടലുകളിലൂടെ വലിയ മാറ്റങ്ങളാണ് നാം വരുത്തികൊണ്ടിരിക്കുന്നത്. ഇതിലൂടെ നിപ, കോവിഡ്, സിക, മങ്കിപോക്സ് തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാൻ നമുക്കായി എന്നതും ജീവിതശൈലീരോഗങ്ങളുടെ നിർണ്ണയവും ചികിത്സയും ബഹുഭൂരിപക്ഷം ജനങ്ങളും ഇന്ന് സർക്കാർ ആശുപത്രികളിൽ നിർവ്വഹിക്കുന്നു എന്നതും നമ്മുടെ ശ്രമങ്ങൾ ഗുണപ്രാപ്തിയിൽ എത്തുന്നു എന്നതിന്റെ സൂചകങ്ങളാണ്. നവകേരളം കർമ്മപദ്ധതിയിലുൾപ്പെട്ട ആർദ്രം മിഷൻ ഒന്നിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വ്യാപകമായി പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിനാണ് മുൻഗണന നൽകിയതെങ്കിൽ, ഇന്ന് ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായി സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് മുൻഗണന നൽകിക്കൊണ്ടിരിക്കുന്നു. ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകുകയും ആശുപത്രികളെ ഡിജിറ്റലൈസ് ആക്കാൻ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു. ആരോഗ്യ മേഖലയിലെ പുരോഗതിയ്ക്കൊപ്പം ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും വലിയ പ്രാധാന്യം നൽകി വരുന്നു. ജീവിതശൈലീ രോഗനിർണയത്തിന് പുതിയ ചുവടുവയ്പ്പ് നടത്തി, 30 വയസിന് മുകളിലുള്ള 77 ലക്ഷത്തിലധികം പേരെ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സ്ക്രീനിംഗ് നടത്തി. സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണുണ്ടായത്. ജില്ലാ കാൻസർ കെയർ പദ്ധതി ആവിഷ്ക്കരിക്കുകയും കാൻസർ രജിസ്ട്രി തയ്യാറാക്കുകയും ചെയ്തു. കാൻസർ രോഗികളെ കണ്ടത്തി ചികിത്സിക്കുന്നതിന് കാൻസർ കെയർ സ്ക്രീനിംഗ് പോർട്ടലിന് രൂപം നൽകി, തുടങ്ങി നമ്മുടെ ഇടപെടലുകളുടെ പട്ടിക നീണ്ടുപോകുന്നു.
ഈ ഇടപെടലുകളുടെ തുടർച്ചയായാണ് പൊതുജനാരോഗ്യം ഉറപ്പ് വരുത്താൻ ബഹുജന പങ്കാളിത്തത്തോടെ ആവിഷ്ക്കരിച്ചിരിക്കുന്ന വിവ കേരളം പദ്ധതി. വിളർച്ച അഥവാ അനീമിയ എന്നത് ഒരു ആരോഗ്യപ്രശ്നം എന്നതിലുപരി ഒരു സാമൂഹിക സാമ്പത്തിക പ്രശ്നമാണ്. സ്ത്രീകൾ, കുഞ്ഞുങ്ങൾ, ആദിവാസികൾ, അഗതികൾ, വൃദ്ധർ തുടങ്ങിയവർ മറ്റുള്ളവരെക്കാൾ ഈ പ്രശ്നം പേറുന്നു എന്നതും കുട്ടികളുടെ പഠനത്തിൽ മുതൽ മുതിർന്നവരുടെ ജോലിയുടെ ഗുണനിലവാരത്തിൽ വരെ സ്വാധീനം ചെലുത്തി സമൂഹത്തെ ബലഹീനമാക്കുന്നു എന്നതും ഈ പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വർഷങ്ങളായുള്ള ദേശീയ കുടുംബാരോഗ്യ സർവേകളിൽ കാണുന്നതനുസരിച്ച് എല്ലാ പ്രായക്കാരുടെ വിഭാഗങ്ങളിലും, വിളർച്ച രാജ്യത്തിൽ തന്നെ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം എന്നതാണ്. എങ്കിലും ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് വിളർച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, എസ്.സി. എസ്.ടി. വകുപ്പ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയും ബഹുജന പങ്കാളിത്തത്തോടെയും വിവ കേരളം എന്നപേരിൽ കാമ്പയിൻ ആരംഭിക്കുന്നത്. ഇതിനായി സംസ്ഥാനതല സമിതിയും ജില്ലാതല സമിതിയും രൂപീകരിച്ച് പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്.
ഈ സന്ദർഭത്തിൽ എന്താണ് അനീമിയ എന്നും അതെങ്ങനെ പരിഹരിക്കാമെന്നും എല്ലാവരും അറിയേണ്ടതുണ്ട്. ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ജീവവായുവും പോഷകങ്ങളും ശരീരത്തിന്റെ പല ഭാഗത്തേക്ക് എത്തിക്കുന്ന ദ്രാവകമാണ് രക്തം എന്നത് നമുക്കറിയാം . രക്തത്തിന് ചുവപ്പ് നിറം നൽകുന്നത്, രക്തത്തിലെ ചുവന്ന രക്തകോശങ്ങളിൽ (RBC) കാണുന്ന ഹീമോഗ്ലോബിൻ എന്ന മാംസ്യതന്മാത്രകളാണ്. ശ്വാസകോശത്തിൽ നിന്നും ഹൃദയത്തിലൂടെ നമ്മുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിൽ വളരെ പ്രധാന പങ്കുവഹിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിന്റെ പ്രധാനഘടകം ഇരുമ്പുസത്താണ്. ചുവന്ന രക്തകോശങ്ങൾക്കോ അതിലുള്ള ഹീമോഗ്ലോബിൻ എന്ന പ്രോട്ടീനോ എന്തെങ്കിലും കുറവ് സംഭവിച്ചാൽ നമ്മളുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരിക്കുകയും അത് കാരണം നമ്മൾക്ക് പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും. ശരീരത്തിൽ ചുവന്ന കോശങ്ങൾ ഉണ്ടാകുന്ന പ്രക്രിയയുടെ പേരാണ് എറിത്രോപോയിസിസ്. അനേകം പോഷകങ്ങൾ ആവശ്യമായ വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ് അത്. ഇങ്ങനെയുണ്ടാകുന്ന ചുവന്ന രക്തകോശങ്ങളുടെ ആയുസ് ആകട്ടെ വെറും 100 മുതൽ 120 ദിവസം മാത്രമാണ്. അതുകൊണ്ടുതന്നെ നിരന്തരമായി ശരീരത്തിൽ ഈ രക്തകോശങ്ങൾ ഉൽപ്പാദിപ്പിക്കേണ്ട ആവശ്യമുണ്ട്. പല കാരണങ്ങൾ കൊണ്ട് ചുവന്ന രക്തകോശങ്ങൾക്കോ ഹീമോഗ്ലോബിനോ വരുന്ന കുറവുമൂലം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് അനീമിയ, അല്ലെങ്കിൽ വിളർച്ച.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് അഞ്ചുവയസിൽ താഴെയുള്ള 42% കുട്ടികൾക്കും 40% ഗർഭിണികൾക്കും വിളർച്ചയുണ്ട്. 2022ലെ ഇന്ത്യയിൽ ദേശീയ ആരോഗ്യ കുടുംബാരോഗ്യ സർവേ-5 പ്രകാരം ഇന്ത്യയിലെ 5 വയസിൽ താഴെയുള്ള കുട്ടികളിലും, ഗർഭിണികളിലും, മുലയൂട്ടുന്ന അമ്മമാരിലും വിളർച്ചയുടെ അളവ് യഥാക്രമം 40%, 32%, 40% ആണ്. ദേശീയ കുടുംബാരോഗ്യ സർവേ അനുസരിച്ച് ഇന്ത്യയിൽ അനീമിയയുടെ തോത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായ ഇടപെടലുകളിലൂടെ വിളർച്ച മുക്ത കേരളമാക്കാനാണ് ലക്ഷ്യമിടുന്നത്.
കുട്ടികളിലും, കൗമാരക്കാരിലും വിളർച്ച ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ഇരുമ്പ് അടങ്ങിയ ഭക്ഷണസാധനങ്ങളായ ഇലക്കറികളോ മൽസ്യമാംസാദികളോ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കൽ, ഏതെങ്കിലും ഭക്ഷണത്തോടുള്ള അമിത പ്രതിപത്തി, വികലമായ ഡയറ്റിങ്, വിരശല്യം, കൗമാരപ്രായത്തിലുള്ള പെൺകുട്ടികളിലാണെങ്കിൽ മാസമുറയുടെ സമയത്ത് കൂടുതൽ രക്തം നഷ്ടപ്പെടുന്നത് തുടങ്ങിയവയാണ്. ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇതു കൂടാത ഈ കാലയളവിൽ സാധാരണയിൽ നിന്നും കൂടുതലായി ആവശ്യമുള്ള (ഗർഭസ്ഥ ശിശുവിനോ, പാല് കുടിക്കുന്ന കുഞ്ഞിനോ ആവശ്യമായ ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 തുടങ്ങിയവ കൂടി അമ്മയിൽ നിന്നും വരേണ്ടതുണ്ട്) പോഷകങ്ങൾ ‘അമ്മ കൂടുതലായി എടുക്കുന്നില്ല, മുതലായവയാണ്. പോഷകങ്ങൾ എടുക്കുന്നതിൽ കുറവ്, പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തിന് കഴിയാതെ ഇരിക്കുക, പോഷണം രക്ത സ്രവത്തിലൂടെയും മറ്റും നഷ്ടമാവുക എന്നിവ എല്ലാം വിളർച്ച ഉണ്ടാക്കും. സ്ത്രീകളിൽ രക്തസ്രാവം ഒരു പ്രധാനപ്രശ്നമാണ്.സിക്കിൽ സെൽ അനീമിയ പോലെ ജനിതക ഘടകങ്ങളും അനീമിയ ഉണ്ടാക്കുന്നുണ്ട്. ഈ കാര്യങ്ങളെയൊക്കെ ഉൾക്കൊണ്ട് വിളർച്ച മുക്ത കേരളത്തിനായാണ് കേരള സർക്കാർ വിളർച്ചയെ നിയന്ത്രിക്കാൻ വേണ്ടി വിവ കേരളം കാമ്പയിൻ ആവിഷ്കരിക്കുന്നത്.
15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഒരു പ്രധാന ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവത്ക്കരണവും ലക്ഷ്യമിടുന്നു. വിദ്യാസമ്പന്നരും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരുമായ സ്ത്രീകളിൽ പോലും അനീമിയ കാണുന്നുണ്ട്. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടിലേക്കും നയിക്കും. അനീമിയ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ പലതരത്തിലുള്ള സങ്കീർണതകളിൽ നിന്നും മോചനം നേടാവുന്നതാണ്.
കേരള സർക്കാർ, സംസ്ഥാന ആരോഗ്യവകുപ്പ് ഒരു വലിയ ജനകീയ കാമ്പയിന് തുടക്കമിടുകയാണ്. ആദ്യം നമുക്ക് വിളർച്ചയുണ്ടോയെന്ന് പരിശോധിച്ചു കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഇതിനുള്ള അവസരമുണ്ടായിരിക്കും. സ്വകാര്യ ലാബുകൾ, സന്നദ്ധ സംഘടനകളുടെ ക്യാമ്പുകളിൽ എന്നിവിടങ്ങളിലെ പരിശോധനകളും ക്രോഡീകരിക്കും. ഓരോരുത്തരും അവരുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് എത്രയെന്ന് കണ്ടെത്തണം. ആഹാര ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തി വിളർച്ച പരിഹരിക്കാൻ കഴിയണം. വിളർച്ച നല്ലരീതിയിൽ ഉണ്ടെങ്കിൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം ചികിത്സയും ആവശ്യമാണ്. വിളർച്ച ഒഴിവാക്കുക എന്നുള്ളത് പ്രധാനപ്പെട്ടൊരു കാര്യമാണ്. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ വിളർച്ച ഒരു ആരോഗ്യപ്രശ്നവും അതോടൊപ്പം സാമൂഹിക, സാമ്പത്തിക പ്രശ്നവുമാണ്. മിടുക്കരായ കുട്ടികളും, ചുറുചുറുക്കുള്ള ചെറുപ്പക്കാരും, ആരോഗ്യമുള്ള വൃദ്ധജനങ്ങളുമുള്ള, വളർച്ചയുള്ള ഒരു സമൂഹത്തിന് വിളർച്ചയെ മാറ്റി നിർത്തിയേ തീരൂ. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. വിവ കേരളം കാമ്പയിനിൽ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു. സമീകൃത ആഹാരവും, ശാസ്ത്രീയമായ ആഹാര രീതികൾ ശീലിച്ചും കൃത്യമായ ചികിത്സ വഴിയും നമുക്ക് വിളർച്ചയെ തടയാനാകും എന്നുള്ളതിനാൽ നമുക്ക് ഒരുമിച്ച് ഈ ഉദ്യമം വിജയിപ്പിക്കാം.