New Super Specialty Block in Kozhikode Medical College

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുത്തൻ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

₹195.93 കോടി ചെലവിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സക്ക് മാത്രമുള്ള ബ്ലോക്കുമായി കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്. ആക്‌സിഡന്റ് ആന്റ് എമർജൻസി കെയർ,സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഉൾപ്പെടെ 6 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ, 500 കിടക്കകൾ, 19 ഓപ്പറേഷൻ തിയേറ്ററുകൾ, 10 തിവ്രപരിചരണ യൂണിറ്റുകൾ, ഐ.പി.ഡി., ഫാക്കൽറ്റി ഏരിയ, സി.ടി., എം.ആർ.ഐ., ഡിജിറ്റൽ എക്‌സ്‌റേ, സി.സി. ടി.വി. സംവിധാനം, ഡേറ്റ സംവിധാനം, പി.എ. സിസ്റ്റം, ലിഫ്റ്റുകൾ എന്നീ സംവിധാനങ്ങളോട് കൂടിയാണ് സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമിച്ചിരിക്കുന്നത്.

കാർഡിയോ വാസ്‌കുലർ ആന്റ് തൊറാസിക് സർജറി, എമർജൻസി മെഡിസിൻ, പ്ലാസ്റ്റിക് സർജറി, യൂറോളജി ആന്റ് റീനൽ ട്രാൻസ്പ്ലാന്റ് സർജറി, ന്യൂറോ സർജറി, സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി എന്നിവയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങൾ. 190 ഐസിയു കിടക്കകളിൽ 20 കിടക്കകൾ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മൾട്ടി ഓർഗർ ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകൾ കിഡ്ണി ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകൾ തലക്ക് പരിക്കേറ്റവർക്കുള്ള വിദഗ്ധ ചികിത്സക്കും മാറ്റിവച്ചിരിക്കുന്നു.പി.എം.എസ്.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചത്.

കേരളത്തിലെ രണ്ടാമത്തെ മെഡിക്കൽ കോളേജായി 1957-ൽ നിലവിൽ വന്ന കോഴിക്കോട് മെഡിക്കൽ കോളേജ് 270 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നു. നിലവിൽ ആശുപ്രതിയിൽ 1183 കിടക്കകളുണ്ട്. കൂടാതെ മാതൃശിശു സംരക്ഷണ കേന്ദ്രം (610 കിടക്കകൾ), സാവിത്രി സാബു മെമ്മോറിയൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (101 കിടക്കകൾ), നെഞ്ചുരോഗ ആശുപ്രതി (100 കിടക്കകൾ), സൂപ്പർ സ്‌പെഷ്യാലിറ്റി കോംപ്ലക്‌സ്, സോണൽ ലിംഫ് ഫിറ്റിംഗ് സെന്റർ, ദന്തൽ കോളേജ്, നഴ്‌സിംഗ് കോളേജ്, ഫാർമസി കോളേജ്, ത്രിതല കാൻസർ സെന്റർ എന്നിവയുമുണ്ട്. വൃക്ക മാറ്റിവെക്കൽ ഉൾപ്പെടെയുള്ള ആധുനിക സ്‌പെഷ്യാലിറ്റി സേവനങ്ങൾ, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാൾട്ട് തെറാപ്പി, ലീനിയർ ആക്‌സിലറേറ്റർ, പെറ്റ്‌സ്‌കാൻ എന്നിവയും മെഡിക്കൽ കോളേജിലുണ്ട്.