Kaarunya sparsham

കാരുണ്യ സ്പർശം രാജ്യത്തിനാകെ മാതൃകയാകുന്ന ചുവടുവെയ്പ്പ്

അടുത്ത ഘട്ടം അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്ന്

കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനം

കാൻസർ ചികിത്സാ ചെലവ് ചുരുക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പാണ് കാരുണ്യ സ്പർശം. കാൻസർ രോഗബാധിതരായവർക്ക് പൊതുവിപണിയിൽ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവിൽ കാരുണ്യ ഫാർമസികളിൽ നിന്ന് മരുന്നുകൾ ഇതുവഴി ലഭിക്കും. കാൻസർ രോഗികൾക്ക് വളരെ ആശ്വാസകരമാകുന്ന ഒരു ചുവടുവെയ്പ്പാകും ഇത്. നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാർമസികളിൽ പ്രവർത്തനമാരംഭിക്കുന്ന കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകളുടെ പ്രവർത്തനം ആരംഭിച്ചു.

ഈ പദ്ധതിയുടെ ആദ്യ ഘട്ടമായി ഓരോ ജില്ലയിലേയും തെരഞ്ഞടുത്ത 14 കാരുണ്യ ഫാർമസികളിലൂടെ ഉയർന്ന വിലയുള്ള കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. നിലവിൽ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന എല്ലാ കാരുണ്യ ഫാർമസികളിലുമായി 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ ലഭ്യമാണ്. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും.

അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാകും എന്നതാണ് ഇതിന്റെ സവിശേഷത. രണ്ടു ശതമാനം സേവന ചെലവ് മാത്രം ഈടാക്കിക്കൊണ്ടും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് ലഭിക്കുന്ന ലാഭം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുമാകും ഈ കൗണ്ടറുകൾ പ്രവർത്തിക്കുക. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും. ഉദാഹരണത്തിന്, വിപണിയിൽ ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന മരുന്നിന് 93 ശതമാനം വിലക്കുറവ് ഉണ്ടെങ്കിൽ കേവലം 11,892 രൂപയ്ക്കായിരിക്കും രോഗികൾക്കു ലഭ്യമാക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആദ്യത്തെ പ്രത്യേക കൗണ്ടർ ആരംഭിക്കുന്നത്. വിപണി വിലയിൽ നിന്ന് 10 മുതൽ 93 ശതമാനം വരെ വിലക്കുറവിൽ കാരുണ്യ ഫാർമസിയിലൂടെ എണ്ണായിരത്തിൽപ്പരം ബ്രാൻഡഡ് മരുന്നുകൾ വിതരണം ചെയ്തുവരുന്നുണ്ട്. നിലവിൽ കേരളത്തിലുടനീളം 75 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ പ്രവർത്തിച്ചുവരുന്നുണ്ട്. അവയിൽ ഏഴെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. ഇവയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കും.

ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചെങ്കിലും കേരളം വളരെ ഗൗരവത്തോടെ ഏറ്റെടുക്കേണ്ട ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. പകർച്ചവ്യാധികളുടെ വ്യാപനം, ജന്തുജന്യ രോഗങ്ങളുടെ വർദ്ധനവ്, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ നാം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അവയിലൊന്നാണ് കാൻസർ നിയന്ത്രണം. സംസ്ഥാനത്ത് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ ഒമ്പത് ലക്ഷം പേർക്ക് കാൻസർ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ സാധ്യത സ്തനാർബുദത്തിനാണ്. സ്ത്രീകളിൽ സെർവിക്കൽ കാൻസറും വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്സിനേഷൻ നൽകി സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുവേണ്ടി രണ്ടര കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുമുണ്ട്.

ആർസിസിയിലും എംസിസിയിലും ഒട്ടേറെ നൂതന ചികിത്സാ സൗകര്യങ്ങൾ ഇക്കാലയളവിൽ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. കാൻസർ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി സർക്കാർ നടത്തിവരുന്ന ഇത്തരം ഇടപെടലുകളുടെ തുടർച്ചയായാണ് ഈ സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകൾ.

ഭരണ നിർവ്വഹണത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക ശ്രദ്ധ വേണ്ട മേഖലകളിൽ കേന്ദ്രീകരിക്കാനും അവിടങ്ങളിൽ കൃത്യമായ ഇടപെടലുകൾ ഉറപ്പുവരുത്താനുമാണ് നൂറുദിന കർമ്മ പരിപാടികൾ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഈ സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് ഈ സീറോ പ്രോഫിറ്റ് ആന്റി കാൻസർ മെഡിസിൻ കൗണ്ടറുകൾ ആരംഭിക്കുന്നത്.

അടുത്ത ഘട്ടമായി അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്ന് സൗജന്യമായി നൽകും

അടുത്ത ഘട്ടമായി അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്നുകൾ സൗജന്യമായി നൽകും. വിലകൂടിയ കാൻസർ മരുന്നുകൾ പരമാവധി വില കുറച്ച് നൽകാനാണ് കാരുണ്യസ്പർശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം കാൻസർ മരുന്നുകളുടെ ചൂഷണം തടയുകയും ചെയ്യും. അത് അർഹമായ വ്യക്തികൾക്ക് ലഭ്യമാക്കുന്നതിന് പ്രിസ്‌ക്രിപ്ഷനിൽ സീൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇതൊരു സ്വപ്ന സാക്ഷാത്ക്കാരമാണ്. കാൻസർ രോഗത്തിന് മുമ്പിൽ നിസഹായരാകുന്നവരെ സഹായിക്കുകയാണ് ലക്‌ഷ്യം.

കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായി 10 പ്രധാന കാര്യങ്ങളിൽ ഒന്നാണ് കാൻസർ പ്രതിരോധവും ചികിത്സയും. ഈ മേഖലയിൽ മൂന്ന് വർഷമായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതായി പ്രത്യക്ഷത്തിൽ കാണാൻ കഴിയും. കൃത്യമായ കാൻസർ ഡേറ്റ ശേഖരണത്തിനായി കാൻസർ രജിസ്ട്രി രൂപീകരിച്ചു. 14 ജില്ലകളിലും ജില്ലാ കാൻസർ കൺട്രോൾ പ്രോഗ്രാം നടപ്പിലാക്കി. കാൻസർ ചികിത്സ വികേന്ദ്രീകരിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സ ആരംഭിച്ചു. 2013-14 വർഷത്തിൽ കാൻസർ സെന്ററിന് പുറമേ അഞ്ച് മെഡിക്കൽ കോളേജുകളിൽ മാത്രമാണ് കാൻസർ ചികിത്സ ഉണ്ടായിരുന്നത്. ഇപ്പോൾ 50 സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സ ലഭ്യമാണ്. അന്നത്തെ 68 മരുന്നുകളിൽ നിന്നും 176 മരുന്നുകൾ ലഭ്യമാക്കി. സൗജന്യ ചികിത്സാ രംഗത്തും ഇടപെടലുകൾ നടത്തി. ഈ സർക്കാരിന്റെ കാലത്ത് കാൻസർ മരുന്നുകൾക്ക് മൂന്നിരട്ടി തുകയാണ് അനുവദിച്ചത്.

ആദ്യഘട്ടത്തിൽ ചികിത്സിച്ചാൽ പൂർണമായി മാറുന്ന രോഗമാണ് കാൻസർ. ഏത് കാൻസറാണെങ്കിലും ആരംഭത്തിൽ കണ്ടെത്തി ചികിത്സിക്കണം. ആർദ്രം കാമ്പയിന്റെ ഭാഗമായി കാൻസർ സ്‌ക്രീനിംഗ് കൂടി നടത്തി. ആശുപത്രികളിൽ പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ തുടങ്ങി.

റോബോട്ടിക് സർജറി ആരംഭിച്ചു. ഗർഭാശയഗള കാൻസർ കണ്ടെത്തുന്നതിനുള്ള ‘സെർവി സ്‌കാൻ’ രാജ്യത്ത് ആദ്യമായി ആർസിസി വികസിപ്പിച്ചു. സെർവിക്കൽ കാൻസറിന് എതിരായുള്ള എച്ച്.പി.വി. വാക്‌സിനേഷൻ പ്ലസ് വൺ, പ്ലസ് ടു തലത്തിലെ പെൺകുട്ടികൾക്ക് നൽകുന്നതിന് തീരുമാനമെടുത്തു. മലബാർ ക്യാൻസർ സെന്ററിൽ അതിനൂതന കാർ ടി സെൽ തെറാപ്പി ആരംഭിച്ചു. കൊച്ചിൻ കാൻസർ സെന്റർ ഈ വർഷം പൂർണതോതിൽ പ്രവർത്തനസജ്ജമാകും.

പുറത്ത് നിന്നും വാങ്ങുമ്പോൾ 42,350 രൂപ വിലയുള്ള കാൻസർ മരുന്ന് 35,667 രൂപ വില കുറച്ച് 6,683 രൂപയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയ്ക്ക് വേണ്ടി നൽകി ആദ്യ വിൽപന നടത്തി.