മറ്റൊരു നാഴികക്കല്ല് കൂടി: പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും മാതൃയാനം പദ്ധതി യാഥാർത്ഥ്യമാക്കി
പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും
പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തിൽ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കി. 9 മെഡിക്കൽ കോളേജുകൾ, 41 ജില്ലാ, ജനറൽ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ, 50 താലൂക്ക് ആശുപത്രികൾ, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സർക്കാർ ആശുപത്രികളിലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനേകം കുടുംബങ്ങൾക്ക് ഈ പദ്ധതി സഹായകമാകും.
പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും മാതൃയാനം പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ നിർദേശം നൽകിയിരുന്നു. ട്രയൽ റൺ ഉൾപ്പെടെ നടത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പ്രസവ ശേഷം വീട്ടിലേയ്ക്കുള്ള ദീർഘദൂര യാത്രയ്ക്ക് വളരെയധികം തുക ചെലവാകാറുണ്ട്. പല കുടുംബങ്ങൾക്കും ഇത് താങ്ങാനാവില്ല. ഇതിനൊരു പരിഹാരമാണ് ഈ പദ്ധതി. പ്രസവശേഷം എല്ലാവർക്കും ഈ സേവനം ഉറപ്പാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മാതൃശിശു സംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രസവം നടക്കുന്ന സംസ്ഥാനത്തെ 10 ആശുപത്രികൾക്കാണ് ദേശീയ ലക്ഷ്യ ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭ്യമാക്കിയത്. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. സർക്കാർ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ 44 ആശുപത്രികൾ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കേഷൻ നേടി. ജന്മനായുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി എല്ലാ പ്രസവം നടക്കുന്ന ആശുപത്രികളിലും സമഗ്ര ന്യൂബോൺ സ്ക്രീനിംഗ് പദ്ധതി നടപ്പിലാക്കി. കുഞ്ഞുങ്ങളിലെ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന ഹൃദ്യം പദ്ധതി വിജയകരമായി തുടരുന്നു. ഇതുവരെ 6640 കുഞ്ഞുങ്ങൾക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്. ഹൃദ്യം പദ്ധതി കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ട്.