State School Art Festival is well organized by the Health Department

സംസ്ഥാന സ്‌കൂൾ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും

കൺട്രോൾ റൂം ആരംഭിച്ചു; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക ടീം

ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കലോത്സവം പൂർണമാകുന്നത് വരെ അടിയന്തര ഘട്ടത്തിൽ വൈദ്യസഹായം നൽകുന്നതിലേക്കായി പ്രധാന വേദികളിൽ മെഡിക്കൽ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും കനിവ് 108 ഉൾപ്പെടെയുള്ള ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടർ, നഴ്‌സിംഗ് ഓഫീസർ, നഴ്‌സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 1 എന്നിവർ മെഡിക്കൽ ടീമിൽ ഉണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ വർക്കർ എന്നിവരുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണ്. കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മന്ത്രി ആശംസകൾ നേർന്നു.

സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം ആരംഭിച്ചു. അടിയന്തര ഘട്ടത്തിൽ 9072055900 എന്ന നമ്പരിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. വേദികളിലെ വൈദ്യസഹായം, ആംബുലൻസ്, ജീവനക്കാർ എന്നിവരെ ഏകോപിപ്പിക്കുന്നത് ഈ കൺട്രോൾ റൂമായിരിക്കും. തിരുവനന്തപുരം ജനറൽ ആശുപത്രി, ഫോർട്ട് ആശുപത്രി, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി എന്നിവിടങ്ങളിൽ 10 കിടക്കകൾ വീതം പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കൽ കോളേജിലും ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. വേദികളിലും കുട്ടികൾ താമസിക്കുന്നയിടങ്ങളിലും പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി കോർപറേഷന്റെ ടീമിനെ കൂടാതെ ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ഇൻസ്‌പെക്ടർമാരേയും നിയോഗിച്ചിട്ടുണ്ട്. അവബോധവും ശക്തമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് വേദികളിലേയും പരിസരങ്ങളിലേയും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം പരിശോധനകൾ നടത്തും. പകലും രാത്രിയിലും പരിശോധനകൾ നടത്തുന്നതിനായി പ്രത്യേക സ്‌ക്വാഡുകളെ വെള്ളിയാഴ്ച മുതൽ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയും സജ്ജമാക്കിയിട്ടുണ്ട്. വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി നിർദേശം നൽകി. കുട്ടികൾക്ക് കുടിക്കാനായി ശുദ്ധജലം നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· കൃത്യമായ ഇടവേളകളിൽ വെള്ളം കുടിയ്ക്കണം.
· തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തുക.
· പാനീയങ്ങളിൽ ശുദ്ധമായ ഐസ് ഉപയോഗിച്ചില്ലെങ്കിൽ വയറിളക്ക രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
· ഭക്ഷണ സാധനങ്ങൾ വാങ്ങി സൂക്ഷിച്ച് വച്ച് നിശ്ചിത സമയം കഴിഞ്ഞ് കഴിക്കരുത്.
· രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്.
· പരാതിയുള്ളവർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കണം.
(മൊബൈൽ നമ്പർ: 8943346181)
· വേദികളും പരിസരങ്ങളും താമസ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.
· മാലിന്യങ്ങൾ വലിച്ചെറിയരുത്.
· രോഗലക്ഷണങ്ങൾ കണ്ടാൽ ചെറിയ ബുദ്ധിമുട്ടാണെങ്കിലും ഉടൻ ചികിത്സ തേടുക.