In Kerala, 9 government hospitals have been approved as mother and child friendly hospitals

കേരളത്തിൽ 9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം

9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായി. ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിന്റെ ഭാഗമായാണ് മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേകമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ തയ്യാറാക്കിയാണ് അംഗീകാരം നൽകിയത്. ലോകാരോഗ്യ സംഘടന, യൂണിസെഫ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നോട്ട് വച്ചിട്ടുള്ള ആശയങ്ങള്‍ ഏകോപിപ്പിച്ചുള്ള ക്വാളിറ്റി സ്റ്റാന്റേഡുകള്‍ അനുസരിച്ചുള്ള സര്‍ട്ടിഫിക്കേഷനാണ് നല്‍കുന്നത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോര്‍ 92.36 ശതമാനം), തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (97.72), പത്തനംതിട്ട ജനറല്‍ ആശുപത്രി (96.41), എറണാകുളം ജനറല്‍ ആശുപത്രി (96.57), മലപ്പുറം പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (90.9), നിലമ്പൂര്‍ ജില്ലാ ആശുപത്രി (94.48), മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (86.18), കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (95.86), വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (97.94) എന്നീ ആശുപത്രികളേയാണ് മാതൃശിശു സൗഹൃദ ആശുപത്രികളായി തെരഞ്ഞെടുത്തത്.

അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ പ്രസവം നടക്കുന്ന ആശുപത്രിയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃ ശിശു സൗഹൃദാശുപത്രി സംരംഭം(മദര്‍ ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റിവ്). യൂണിസെഫും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുളള 10 ഗുണനിലവാര സൂചികയും കൂടാതെ മാതൃശിശു സൗഹൃദവും ആരോഗ്യവും സംബന്ധിച്ച സൂചികകളില്‍ അധിഷ്ഠിതമായ 130 ചെക്ക് പോയിന്റുകള്‍ അടങ്ങിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചെക്ക് പോയിന്റുകള്‍ക്ക് അനുസരിച്ചാണ് ആശുപത്രിയില്‍ വിലയിരുത്തല്‍ പ്രക്രിയ നടന്നത്. ഈ പദ്ധതി പ്രകാരം പത്ത് കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഓരോ ജീവനക്കാരെയും ഈ പദ്ധതി നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധരാക്കുക, മുലപ്പാലിന് ബദലായി ഉപയോഗിക്കുന്ന ശിശു ഭക്ഷണങ്ങളുടെ വിപണനത്തെ സംബന്ധിച്ചുളള അന്താരാഷ്ട്ര നിബന്ധനകളും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുളള ലോകാരോഗ്യ സമ്മേളനങ്ങളുടെ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കുക, ഫലപ്രദമായ മുലയൂട്ടല്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകം എഴുതി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആശുപത്രി ജീവനക്കാര്‍ക്കും മാതാപിതാക്കള്‍ക്കും പതിവായി നല്‍കുക, നവജാത ശിശുക്കളെ അമ്മമാര്‍ സമയാ സമയങ്ങള്‍ മുലയൂട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കാര്യക്ഷമമായ നീരീക്ഷണ സംവിധാനം ഉറപ്പാക്കുകയും അവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുക, നവജാത ശിശുക്കളെയും അമ്മമാരെയും പരിചരിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്ക് മതിയായ അറിവും കാര്യക്ഷമതയും വൈദഗദ്യവും ഉണ്ടെന്ന് ഉറപ്പ് വരുത്തുക, മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗര്‍ഭിണികളെയും അവരുടെ കുടുംബാംഗങ്ങളെയും ബോധവല്‍ക്കരിക്കുക, പ്രസവാനന്തരം എത്രയും വേഗത്തില്‍ നവജാത ശിശുവും മാതാവും തമ്മില്‍ വേര്‍പ്പിരിയാത്ത സാമീപ്യം സാധ്യമാക്കുകയും കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിന് അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതിന് സാഹായിക്കുകയും ചെയ്യുക, മുലയൂട്ടുമ്പോള്‍ ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ അമ്മമാര്‍ക്കുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും തടസമില്ലാതെ മുലയൂട്ടുന്നതിനും സഹായിക്കുക, നവജാത ശിശുക്കള്‍ക്ക് മുലപ്പാലിന് പകരം നല്‍കുന്ന പൂരക ഭക്ഷണങ്ങളുടെ ദോഷങ്ങളെ കുറിച്ച് അമ്മമാരെ ബോധവല്‍ക്കരിക്കുക, പ്രസവാനന്തരം വീടുകളിലേക്ക് മടങ്ങുന്ന അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും സമയാസമയങ്ങളില്‍ ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുക, പിറന്നു വീഴുന്ന ഓരോ കുഞ്ഞിനും സ്വന്തം മാതാവിന്റെ മുലപ്പാല്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ്.

പദ്ധതിയുടെ ഭാഗമായി ഇതുവരെ 25 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലൂടെയുള്ള പരിശീലന പരിപാടികളും വിവിധ ഗുണനിലവാര സൂചികകളും അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍ നടത്തിയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സംസ്ഥാന തലത്തില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ഗുണനിലവാര പരിശോധന നടത്തി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.