State-of-the-art dermatology treatment system at Thrissur Medical College

തൃശൂർ മെഡിക്കൽ കോളേജിൽ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം

തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ ത്വക് രോഗ വിഭാഗത്തിൽ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് പ്രവർത്തനം ആരംഭിച്ചു. ത്വക് രോഗ വിഭാഗത്തിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഏകോപിപ്പിച്ചാണ് സമഗ്രമായ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് സജ്ജമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ഏറെ പണച്ചെലവുള്ള ആത്യാധുനിക ത്വക് രോഗ ചികിത്സാ രീതികൾ നാട്ടിലെ സാധാരണക്കാർക്കുകൂടി ലഭ്യമാക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കും.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വൽറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ 925.36 ചതുരശ്ര അടിയിലാണ് ഡെർമറ്റോളജി എസ്തറ്റിക് സ്യൂട്ട് തയ്യാറാക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് സജ്ജമാക്കിയത്. സ്വീകരണമുറി, പരിശോധനാമുറി, 3 ചികിത്സാ മുറികൾ, ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കുമുള്ള ഡ്രെസിംഗ് റൂം, ടോയ്ലറ്റ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ചികിത്സാ മുറികളിൽ ആധുനിക രീതിയിലുള്ള പ്രകാശ സംവിധാനങ്ങൾ, സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവയുമുണ്ട്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന നിറഭേദങ്ങൾ, മുറിപ്പാടുകൾ, മറ്റു കലകൾ, മറുകുകൾ തുടങ്ങി വൈരൂപ്യം ഉണ്ടാക്കുന്ന വിവിധ രോഗങ്ങൾക്ക് ആധുനിക ചികിത്സാ രീതികളായ ലേസർ, കെമിക്കൽ പീലിംഗ്, മൈക്രോ ഡെർമാബ്രേഷൻ തുടങ്ങിയവ ഉപയോഗിച്ച് പരിഹാരം നൽകാനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഇത്തരം ചികിത്സകൾ പല സർക്കാർ മെഡിക്കൽ കോളേജുകളിലും ലഭ്യമാണെങ്കിലും ഇവയെ ഏകോപിപ്പിച്ച് സമഗ്രമായ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് തയ്യാറാക്കുന്നത് സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ഇതാദ്യമായാണ്.