Violence against health workers comprehensive legislation

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സമഗ്ര നിയമ നിർമ്മാണം നടത്തും. ഇതിനായി കാലോചിതമായി നിയമം ഭേദഗതി വരുത്തും. ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള നിയമമായിരിക്കുമത്. ഒപ്പം പൊതുജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണം. ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ നിർമ്മാണത്തിനായുള്ള വിവിധ സംഘടനകളുടെ പ്രാഥമിക യോഗം ചേർന്നു.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ സർക്കാർ എടുത്ത നടപടികളിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. അത്യാഹിത വിഭാഗത്തിലും മറ്റും അധിക കൂട്ടിരിപ്പുകാർ പാടില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പിലാക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പ് വരുത്താൻ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപി ഉൾപ്പെടെയുള്ളവരുടെ മീറ്റിംഗും നടത്തിയിരുന്നു. പുതുതായി നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാർ വിമുക്ത ഭടൻമാരായിരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ആശുപത്രികളിലെ പ്രധാന ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും നിർദേശം നൽകിയിരുന്നു.

ആശുപത്രികളിൽ സംഘർഷ സാധ്യതകളെ ലഘൂകരിക്കുകയും പ്രധാനമാണ്. തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്ന രോഗികളുടെ തീവ്രത അവരുടെ ബന്ധുക്കളെ അറിയിച്ചിരിക്കണം. ഐസിയുവിനടുത്ത് രോഗികളുടെ കൂട്ടിരുപ്പുകാരുമായി ആശയ വിനിമയം നടത്താനുള്ള സ്ഥലം കണ്ടെത്തണമെന്നും നിർദേശം നൽകി.

ശാരീരികമായ അക്രമം കൂടാതെ മാനസികമായ പീഡനവും, വാക്കുകളാലുള്ള അധിക്ഷേപവും, സോഷ്യൽ മീഡിയ അധിഷേപവും ബില്ലിൽ ഉൾക്കൊള്ളിക്കണമെന്ന് ഭൂരിഭാഗം സംഘടനകളും പറഞ്ഞു. നിയമ നിർമ്മാണം നടത്തുമ്പോൾ പൊതുജനങ്ങൾക്ക് പരാതി പറയാനുള്ള പബ്ലിക് ഫോറം കൂടി ഉണ്ടായിരിക്കണമെന്ന അഭിപ്രായവും ഉണ്ട്.