6.48 crore state-of-the-art imaging center in Thrissur Medical College Emergency Department

തൃശൂർ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റർ

സ്‌കാനിംഗ്, എക്‌സ്‌റേ പരിശോധനയ്ക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ

തൃശൂർ മെഡിക്കൽ കോളേജ് ട്രോമ കെയർ ബ്ലോക്കിൽ വിവിധ പരിശോധനാ സംവിധാനങ്ങൾ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റർ ഉടൻ യാഥാർത്ഥ്യമാകും. 128 സ്ലൈസ് സി.ടി. സ്‌കാൻ, അൾട്രാ സൗണ്ട് സ്‌കാനിംഗ്, ഡിജിറ്റൽ എക്സ്റേ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനൂതന റേഡിയോളജി സംവിധാനങ്ങൾ മെഡിക്കൽ കോളേജുകളിൽ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. അപകടത്താലും മറ്റ് അത്യാഹിതങ്ങളായും വരുന്ന രോഗികൾക്ക് പരിശോധനകളും ചികിത്സയും അടിയന്തരമായി ഉറപ്പാക്കാനാണ് അത്യാഹിത വിഭാഗത്തിൽ തന്നെ വിവിധ പരിശോധനാ സംവിധാനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് എക്‌സ് റേ, സ്‌കാനിംഗ് പരിശോധനകൾക്കായി ആശുപത്രിയുടെ പല ഭാഗത്തായി പേകേണ്ടി വരുന്ന അവസ്ഥയാണ് ഇതിലൂടെ മാറുന്നത്.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആരംഭിച്ച ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഇവ സ്ഥാപിക്കുന്നത്. നിലവിലെ ഒപിയിലെ പരിശോധനാ സംവിധാനങ്ങൾക്ക് പുറമെയാണ് അത്യാഹിത വിഭാഗത്തിൽ ഇവ സജ്ജമാക്കുന്നത്. 6.48 കോടി രൂപ ചെലവഴിച്ചാണ് പുതിയ പരിശോധനാ സംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. 4.78 കോടി രൂപ ചെലവഴിച്ചാണ് 128 സ്ലൈസ് സിടി സ്‌കാനർ സ്ഥാപിച്ചത്. ഇതിന്റെ ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. തല മുതൽ മുതൽ പാദം വരെയുള്ള ഏത് ഭാഗത്ത് പരിക്കേറ്റാലും 20 മിനിറ്റിനുള്ളിൽ സ്‌കാൻ ചെയ്ത് റിസൾട്ട് ലഭ്യമാകുമെന്നുള്ളതാണ് മെഷീന്റെ പ്രധാന പ്രത്യേകത.

അത്യാധുനിക സംവിധാനമുള്ള പുതിയ സ്‌കാനറിൽ കൊറോണറി ആൻജിയോഗ്രാഫി, കോറോണറി പ്ലാക് ക്യാരക്ടറൈസേഷൻ, വെസൽ അനാലിസിസ്, ന്യൂറോളജി ഡി.എസ്.എ., വിർച്വൽ എൻഡോസ്‌കോപ്പി, സി.ടി. ആൻജിയോഗ്രാം തുടങ്ങിയവ വളരെ വേഗത്തിലും, കൃത്യതയോടെയും പൂർത്തിയാക്കാൻ സാധിക്കും. ലോകോത്തര നിലവാരമുള്ള പരിശോധന ഫലങ്ങൾ വളരെ വേഗത്തിൽ ലഭ്യമാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ 16 സ്ലൈസ് സി.ടി. സ്‌കാനറിന് പുറമേയാണ് ഇത് സ്ഥാപിക്കുന്നത്.

1.7 കോടി രൂപ മുടക്കിയാണ് ഡിജിറ്റൽ എക്സ്റേ സ്ഥാപിച്ചത്. പരിശോധിക്കുന്ന ഡോക്ടർക്ക് ഡിജിറ്റലായി തന്നെ കമ്പ്യൂട്ടറിൽ എക്സ്റേ കാണാൻ സാധിക്കും. അതിനാൽ തന്നെ ആവശ്യമെങ്കിൽ മാത്രമേ ഫിലിം പ്രിന്റ് ചെയ്യേണ്ട ആവശ്യമുള്ളൂ. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെത്തുന്നവർക്കായി പ്രത്യേകം അൾട്രാ സൗണ്ട് മെഷീനും ഒരുക്കിയിട്ടുണ്ട്. കെൽട്രോൺ സഹായത്തോടെ പുതിയ പാക്‌സ് സിസ്റ്റം കൂടി സ്ഥാപിക്കുന്നതോടെ സ്‌കാൻ, എക്‌സ്‌റേ മുതലായവ ആശുപത്രിയുടെ എത് ഭാഗത്ത് നിന്നും ഡോക്ടർമാർക്ക് വിരൽത്തുമ്പിൽ കമ്പ്യൂട്ടർ മുഖേന ലഭ്യമാകും.

പ്രതിദിനം 900ത്തോളം രോഗികളാണ് തൃശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. ഇവർക്ക് മികച്ച പരിചരണം നൽകുന്നതിന്റെ ഭാഗമായി ട്രോമ കെയർ ബ്ലോക്ക് അടുത്തിടെ യാഥാർത്ഥ്യമാക്കിയിരുന്നു. ഇവിടെ റെഡ്, യെല്ലോ തുടങ്ങിയ സോണുകളും സജ്ജമാക്കി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സങ്കീർണ ശസ്ത്രക്രിയകൾക്കായി ട്രോമകെയർ തീയറ്ററും ഈ ബ്ലോക്കിലുണ്ട്. ഇതുകൂടാതെ മൈനർ തിയേറ്റർ, തീവ്ര പരിചരണ വിഭാഗം എന്നിവയും ഈ ബ്ലോക്കിൽ സജ്ജമായി വരുന്നു.

രോഗികൾക്കുള്ള സഹായത്തിനായി പി.ആർ.ഒ. സേവനം, കൺട്രോൾ റൂം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അധികമായി സി.സി.ടി.വി. ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ മികച്ച സൗകര്യങ്ങൾ ലഭ്യമാകും.