കാർഡിയോ ഇന്റർവെൻഷൻ ചികിത്സയിൽ രാജ്യത്ത് അഞ്ചാമതായി മെഡിക്കൽ കോളേജ്
കേരളത്തിന് മാതൃകയായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. രാജ്യത്ത് ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള കാർഡിയോ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് അഞ്ചാം സ്ഥാനത്ത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രി കൂടിയാണ്. ഹൈദരാബാദിൽ നടന്ന നാഷണൽ ഇന്റർവെൻഷൻ കൗൺസിൽ മീറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ 3,446 കാർഡിയോ ഇന്റർവെൻഷൻ ചികിത്സയാണ് നൽകിയത്. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഇത്തരം ചികിത്സകൾ സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെയാണ് നിർവഹിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
ഹൃദ്രോഗങ്ങൾക്ക് ഓപ്പറേഷൻ കൂടാതെയുള്ള നൂതനമായ ഇന്റർവെൻഷൻ ചികിത്സകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷനില്ലാതെ ചുരുങ്ങിയ വാൽവ് നേരെയാക്കൽ, ഹൃദയമിടിപ്പ് കുറഞ്ഞ് പോയവർക്ക് നേരെയാക്കാനുള്ള അതിനൂതന പേസ്മേക്കർ, ഹൃദയമിടിപ്പ് കൂടി മരണപ്പെടാൻ സാധ്യതയുള്ളവർക്കുള്ള സി.ആർ.ടി. തെറാപ്പി, റീ സിങ്ക്രണൈസേഷൻ തെറാപ്പി, സങ്കീർണ ഹൃദ്രോഗങ്ങൾക്ക് പോലും ഓപ്പറേഷൻ ഇല്ലാതെ നേരെയാക്കുന്ന ആൻജിയോപ്ലാസ്റ്റി തുടങ്ങിയവയെല്ലാം കാർഡിയോ ഇന്റർവെൻഷൻ ചികിത്സയിലൂടെ മെഡിക്കൽ കോളേജിൽ ചെയ്തു കൊടുക്കുന്നു. ഇതുകൂടാതെ അതി സങ്കീർണ ഹൃദയ ശസ്ത്രക്രിയകളും മെഡിക്കൽ കോളേജിൽ ചെയ്തു വരുന്നു.
മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിന് കീഴിൽ 2 കാത്ത് ലാബുകളാണുള്ളത്. ഇന്ത്യയിലാദ്യമായി നൂറോളജി വിഭാഗത്തിന് കീഴിൽ ആദ്യ കാത്ത് ലാബും മെഡിക്കൽ കോളേജിൽ അടുത്തിടെ സ്ഥാപിച്ചു. 24 മണിക്കൂറും സേവനം ലഭിക്കുന്ന തരത്തിലാണ് കാർഡിയോളജി വിഭാഗത്തിന് കീഴിലുള്ള കാത്ത് ലാബുകൾ ക്രമീകരിച്ചിരിക്കുന്നത്.