The first baby was born at the Kanhangad Women and Children's Hospital

കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ആദ്യ കുഞ്ഞ് പിറന്നു

കാസർഗോഡ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ആദ്യ പ്രസവം നടന്നു. ബല്ല കടപ്പുറം സ്വദേശിനിയ്ക്ക് സാധാരണ പ്രസവമാണ് നടന്നത്. അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞും സുഖമായിരിക്കുന്നു.

കാസർഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ജില്ലയിൽ രണ്ട് ന്യൂറോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുകയും പരിശോധനാ സംവിധാനം ഒരുക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബിന്റെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. ടാറ്റാ ട്രസ്റ്റ് ആശുപത്രി സ്ഥിതി ചെയ്യുന്നിടത്ത് സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിർമ്മാണത്തിനായി 23 കോടി രൂപ അനുവദിച്ചു. കാസർഗോഡ് മെഡിക്കൽ കോളേജിന്റെ അനുബന്ധ നിർമ്മാണ പ്രവർത്തികൾക്കായി കിഫ്ബി വഴി 160 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ പുതിയ സർക്കാർ നഴ്‌സിംഗ് കോളേജ് അനുവദിക്കാൻ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഇതുകൂടാതെയാണ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യാഥാർത്ഥ്യമാക്കിയത്. ഈ ആശുപത്രിയ്ക്കായി 12 പുതിയ തസ്തികകൾ ഈ സർക്കാരിന്റെ കാലയളവിൽ സൃഷ്ടിച്ചു. അധിക തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു.

ഇക്കഴിഞ്ഞ മാർച്ച് 31നാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നു പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ 7068 പേർക്ക് ഒ.പി. സേവനവും 77 പേർക്ക് ഐ.പി. സേവനവുമാണ് ലഭ്യമാക്കിയത്. സംസ്ഥാന സർക്കാരിന്റെ 9.41 കോടിയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുകയും 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാർ ഓപ്പറേഷൻ തിയേറ്ററും കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് സിസ്റ്റവും സജ്ജമാക്കി. മോഡുലാർ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ, കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് സിസ്റ്റം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാഷ്വാലിറ്റി, എസ്.എൻ.സി.യു, ഐ.സി.യു, 90 കിടക്കകളോട് കൂടിയ ഐപി സൗകര്യം, ഒ.പി. വിഭാഗം, ഫാർമസി, ലാബ് എന്നിവയുടെ സജ്ജീകരിച്ചിട്ടുണ്ട്.