A State Millet Cooking Fair will be organized to promote small grains

ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന മില്ലറ്റ് പാചകമേള സംഘടിപ്പിക്കും

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങൾ ഒരു പരിധിവരെ സഹായിക്കും. ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടാണ് ഐക്യരാഷ്ട്ര സഭ 2023നെ ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്‌സായി പ്രഖ്യാപിച്ചിരുക്കുന്നത്. ആരോഗ്യ രംഗത്ത് കേരളം വളരെ മുമ്പിലാണെങ്കിലും ജീവിതശൈലീ രോഗങ്ങൾ ഏറെ വെല്ലുവിളിയാണ്. ഇതിനുള്ള ചെറുത്ത് നിൽപ്പാണ് ചെറുധാന്യങ്ങൾ. ചെറുധാന്യങ്ങൾ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പാപ്പനംകോട് സി.എസ്.ഐ.ആർ.-എൻ.ഐ.ഐ.എസ്.ടി.യിൽ എഫ്.എസ്.എസ്.എ.ഐ. ദക്ഷിണമേഖല ഈറ്റ് റൈറ്റ് മില്ലറ്റ് മേള സംഘടിപ്പിച്ചു.

ഒരുകാലത്ത് ചാമ, തിന, റാഗി, വരക്, ചോളം, കമ്പം തുടങ്ങിയ ചെറുധാന്യങ്ങൾ ദൈനംദിന ഭക്ഷണമായിരുന്നു. എന്നാൽ കാലാനുസൃതമായി ഭക്ഷണത്തിനും മാറ്റം വന്നു. കുഞ്ഞുങ്ങൾക്ക് പലപ്പോഴും ഇത് അപരിചിതമായിരുന്നു. യുവതലമുറയെ ഇത് പരിചയപ്പെടുത്താനും ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസിലാക്കാനുമായി സംസ്ഥാനത്ത് പാചക മേള സംഘടിപ്പിക്കും.

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് എഫ്.എസ്.എസ്.എ.ഐയും കേരളവും ഒട്ടേറെ പരാപാടികൾ ആവിഷ്‌ക്കരിച്ച് നടത്തിയിരുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. മുഴുവൻ ജില്ലകളിലും മില്ലറ്റ് മേളകളും സംഘടിപ്പിച്ചു. രാജ്യത്ത് തന്നെ ഇത്രയും മേളകൾ സംഘടിപ്പിച്ച ഏക സംസ്ഥാനമാണ് കേരളം. ഇതിന് എഫ്.എസ്.എസ്.എ.ഐ.യുടെ പ്രശംസയും സംസ്ഥാനത്തിന് ലഭിക്കുകയുണ്ടായി. രാജ്യത്താകമാനം നടത്തിയ ഈറ്റ് റൈറ്റ് ഫേസ് ത്രീ ചലഞ്ചിൽ കൊല്ലം ജില്ല ഒന്നാമതായി തുടരുകയാണ്. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടമാണ്. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി കേരളത്തിൽ ചെറു ധാന്യങ്ങളുടെ സ്വീകാര്യത വൻതോതിൽ വർധിച്ചിട്ടുണ്ട്.