തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 – POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയൻസ് പോർട്ടൽ (http://posh.wcd.kerala.gov.in) പ്രവർത്തനസജ്ജമായി. സ്ത്രീകൾക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുന്നതും ഇതിന്മേലുള്ള മേൽനോട്ട സംവിധാനമായി പ്രവർത്തിക്കുകയുമാണ് പോഷ് കംപ്ലയന്റ്സ് പോർട്ടലിന്റെ ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം ആവിഷ്ക്കരിച്ചിരിക്കുന്നത്.
പത്തിലധികം ജീവനക്കാരുള്ള സർക്കാർ, സർക്കാരിതര തൊഴിലിടങ്ങളിൽ ഒരു ഇന്റേണൽ കമ്മിറ്റി ഉണ്ടാകണം, ഈ കമ്മിറ്റി സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള കരുതൽ നടപടികൾ എടുക്കുകയും അതിക്രമം നടന്നാൽ പരിഹാരവും ശിക്ഷാനടപടികൾക്കുള്ള മാർഗങ്ങളും സ്വീകരിക്കുകയും അത് സ്ഥാപനമേധാവിയെ ധരിപ്പിക്കുകയും ചെയ്യണമെന്നാണ് നിയമം.
സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും ഇന്റേണൽ കമ്മിറ്റികൾ, മെമ്പർമാർ, ഈ ആക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ എന്നിവ പോഷ് കംപ്ലെയിന്റ്സ് പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളിൽ നിലവിൽ ഇന്റേണൽ കംപ്ലയന്റ്സ് കമ്മിറ്റികളില്ല എന്നുള്ളതും അതോടൊപ്പം തന്നെ ഈ സമിതികളും അവയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച കൃത്യമായ വിവര ശേഖരണം നടത്തുന്നതിനും സാധിക്കും. ഇങ്ങനെ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണൽ കംപ്ലയന്റ്സ് കമ്മിറ്റികളുടേയും പ്രവർത്തനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും വനിത ശിശുവികസന വകുപ്പിന് സാധിക്കും.