Old is gold

ഓൾഡ് ഈസ് ഗോൾഡ്

വയോജന സൗഹാർദ നാടിനായി പുത്തൻ മാതൃക പദ്ധതികൾ സമ്മാനിച്ച് കേരളത്തിന് മാതൃകയായി അരിമ്പൂർ പഞ്ചായത്ത് മാറി. മുഴുവൻ വയോജനങ്ങളെയും ഉൾകൊള്ളിച്ച് വ്യക്തിഗത പരിപാലന പരിപാടിയാണ് ഗ്രാമ പഞ്ചായത്ത് വിഭാവനം ചെയ്ത് വികസന രേഖയാക്കി സാമൂഹ്യനീതി വകുപ്പിന് കൈമാറിയത്.

വയോജന ക്ഷേമത്തിനായി എട്ട് മേഖലകളിലൂടെ പ്രശ്ന പരിഹരണം നടത്തുകയെന്ന ലക്ഷ്യമാണ് പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്. വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അറിയുന്നതിന് 5012 പേരെ സർവ്വേ ചെയ്ത് വിവര ശേഖരണം നടത്തി. സർവ്വേയിലൂടെ കണ്ടെത്തിയ പ്രധാനപ്പെട്ട 42 പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തിഗത പരിപാലന ദീർഘകാല കർമ്മ പദ്ധതി തയ്യാറാക്കിയത്.

ജനകീയ വിദ്യാഭ്യാസ പദ്ധതി, വയോജന രോഗങ്ങളെ കുറിച്ചുള്ള അവബോധം നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, കൂട്ടായ്മകൾ രൂപീകരിക്കുക, ആരോഗ്യ സ്ഥാപനകളുടെ നിരന്തരമായ ഇടപെടൽ, പൂർവ്വസാന്ത്വന പരിപാലന പരിപാടി, വയോ കോളിംഗ് സിസ്റ്റം, ഹെൽപ്പ് ഡെസ്ക് , ജാഗ്രതസമിതി, വിജിലൻസ് സർവ്വലയൻസ് കമ്മിറ്റി എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ വയോജന സൗഹാർദ്ദം ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ഗ്രാമ പഞ്ചായത്ത് വിഭാവനം ചെയ്ത് കേരളത്തിന് സമ്മാനിച്ചത്.