‘അനുഭവ സദസ് 2.0’ ദേശീയ ശിൽപശാല-പരമാവധി പേർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം
ഈ സർക്കാരിന്റെ ആരംഭത്തിൽ 2.5 ലക്ഷം ആളുകൾക്കാണ് പ്രതിവർഷം സൗജന്യ ചികിത്സ നൽകിയതെങ്കിൽ 2024ൽ 6.5 ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ നൽകിയത്. തുടർച്ചയായി മൂന്ന് വർഷം ഇന്ത്യയിൽ ഏറ്റവും അധികം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ നേട്ടം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങൾ സ്വാംശീകരിക്കാനുമാണ് ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നത്. കേരളത്തെയും മറ്റ് സംസ്ഥാനങ്ങളെയും യൂണിവേഴ്സൽ ഹെൽത്ത് കവറേജ് കൈവരിക്കുന്നതിലേക്ക് അടുപ്പിക്കാൻ ഇവിടത്തെ ചർച്ചകൾ സഹായിക്കും. ഒരുമിച്ച് പ്രവർത്തിക്കുകയും പരസ്പരം പഠിക്കുകയും ചെയ്യുന്നതിലൂടെ, ജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി സുസ്ഥിരവും കാര്യക്ഷമവുമായ ആരോഗ്യ ധനസഹായ മാതൃകകൾ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ‘അനുഭവ സദസ് 2.0’ ദേശീയ ശിൽപശാല ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആദ്യത്തെ മാസ് ഹെൽത്ത് ഫിനാൻസിംഗ് പ്രോഗ്രാം 2008-ൽ എൽ.ഡി.എഫ് സർക്കാരാണ് ആവിഷ്‌ക്കരിച്ചത്. തുടർന്ന് കേന്ദ്ര പിന്തുണയുള്ള കുടുംബങ്ങൾക്കപ്പുറം സംസ്ഥാനത്തെ ബിപിഎൽ പട്ടികയ്ക്ക് കീഴിലുള്ള കുടുംബങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അത് വിപുലീകരിച്ചു. കൂടാതെ ക്യാൻസർ, ട്രോമ സേവനങ്ങൾ തുടങ്ങിയ ഗുരുതരമായ പരിചരണം ഉൾപ്പെടുത്തുന്നതിനും പാക്കേജ് വിപുലീകരിച്ചു. തുടർന്നാണ് 5 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന കാസ്പ് പദ്ധതി നടപ്പിലാക്കിയത്. നിലവിൽ കാസ്പിന് കീഴിലുള്ള 42 ലക്ഷം ഗുണഭോക്താക്കളിൽ 20 ലക്ഷത്തിലധികം പേർക്കും പൂർണമായും സംസ്ഥാനമാണ് ധനസഹായം നൽകുന്നത്. വിവിധ സൗജന്യ ചികിത്സകൾക്കായി പ്രതിവർഷം 1600 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. എന്നാൽ കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നത് 150 കോടി രൂപ മാത്രമാണ്. മൊത്തം ചെലവിന്റെ 10 ശതമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.