Knowledge Center at Thiruvananthapuram Medical College

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തിൽ നോളജ് സെന്റർ സ്ഥാപിച്ചു . മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മെഡിക്കൽ ഗവേഷണവും പഠനവും സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. പി.ജി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനം ലഭ്യമാക്കുന്ന തരത്തിലാണ് നോളജ് സെന്റർ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. നോളജ് സെന്റർ യാഥാർത്ഥ്യമാക്കിയത് അലുമ്‌നി അസോസിയേഷനാണ്. മെഡിക്കൽ കോളേജ് 1958 ബാച്ച് ഡോ. രവീന്ദ്ര നാഥൻ നൽകിയ തുക ഉപയോഗിച്ചാണ് 3000 ചതുരശ്ര അടി വിസ്തീർണമുള്ള 2 നില കെട്ടിടം നിർമ്മിച്ചത്. ആവശ്യമായ മറ്റ് ഉപകരണങ്ങളും ജീവനക്കാരും അലുമ്നി അസോസിയേഷൻ നൽകും. ഗ്രൗണ്ട് ഫ്‌ളോറിൽ എംആർഎസ് മേനോൻ മെഡിക്കൽ റിസർച്ച് സെന്ററും ഫസ്റ്റ് ഫ്‌ളോറിൽ വിസി മാത്യു റോയ് മെഡിക്കൽ അക്കാദമിയും പ്രവർത്തിക്കും.

കേരള ആരോഗ്യ സർവകലാശാലയുടെ സഹകരണത്തോടെ സർക്കാർ സ്വകാര്യ മെഡിക്കൽ കോളേജുകളേയും ഉൾപ്പെടുത്തിക്കൊണ്ട് ഈ നോളജ് സെന്റർ പ്രവർത്തിക്കും. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോളജ് സെന്ററിന്റെ നേതൃത്വത്തിൽ പുതിയൊരു ജേണലും പുറത്തിറക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷണം നടത്തുന്നതിനും അന്താരാഷ്ട്ര വിദഗ്ധരെ ഉൾക്കൊള്ളിച്ച് സെമിനാറുകൾ സംഘടിപ്പിക്കുന്നതിനും പ്രബന്ധങ്ങൾ അവതിരിപ്പിക്കുന്നതിനും ജേണലുകൾ പ്രസിദ്ധീകരിക്കുന്നതിനും കഴിയും.