അപൂർവ രക്തത്തിനായി കേരള മാതൃക , കേരള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പുറത്തിറക്കി സംസ്ഥാനം
കേരളത്തിന്റെ ആരോഗ്യമേഖലയിലെ സുപ്രധാന ചുവടുവെയ്പ്പായി അപൂർവ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പുറത്തിറക്കി ആരോഗ്യ വകുപ്പ്.ട്രാൻസ്ഫ്യൂഷൻ സേവനങ്ങളിലെ അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ അപൂർവ രക്തത്തിനായി കേരള മാതൃക സൃഷ്ടിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളെ ഏകോപിപ്പിച്ചാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് രക്ത ബാങ്കിനെ സ്റ്റേറ്റ് നോഡൽ സെന്ററായി തെരഞ്ഞെടുത്തു. 2 കോടിയോളം രൂപയാണ് ട്രാൻസ്ഫ്യൂഷൻ മെഡിസിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ചത്. നിരവധി ആന്റിജനുകൾ പരിശോധിച്ച ശേഷമാണ് അപൂർവ രക്തദാതാക്കളുടെ രജിസ്ട്രി സജ്ജമാക്കിയത്. ഇതുവരെ 3000 അപൂർവ രക്തദാതാക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ നാല് പ്രദേശങ്ങളിലെ സന്നദ്ധ രക്ത ദാതാക്കളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു അതിലെ 18 ആന്റിജനുകൾ പരിശോധിച്ചിരുന്നു. പല തവണ രക്തം സ്വീകരിക്കേണ്ടി വരുന്ന തലാസീമിയ, അരിവാൾ രോഗം, വൃക്ക, കാൻസർ രോഗികൾ എന്നിവരിലും ഗർഭിണികളിലും ആന്റിബോഡികൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അവർക്ക് യോജിച്ച രക്തം ലഭിക്കാതെ വരുമ്പോൾ ഈ രജിസ്ട്രയിൽ നിന്നും അനുയോജ്യമായ ദാതാവിനെ കണ്ടെത്തി രക്തം കൃത്യ സമയത്ത് നൽകി ജീവൻ രക്ഷിക്കാൻ കഴിയും.
കൊച്ചിയിൽ വിവിധ സംസ്ഥാനങ്ങൾ പങ്കെടുത്ത ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിന്റെ ദേശീയ കോൺക്ലേവിൽ വെച്ച് പ്രകാശനം ചെയ്ത റെയർ ബ്ലഡ് ഡോണർ രജിസ്ട്രി കൂടുതൽ രക്തദാതാക്കളെ ഉൾപ്പെടുത്തി വിപുലപ്പെടുത്തും. ഉടൻ തന്നെ രജിസ്ട്രിയുടെ സേവനം സംസ്ഥാനത്താകെ ലഭ്യമാക്കും. രജിസ്ട്രിയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങൾ വൈദ്യ സമൂഹത്തിലേയ്ക്കും പൊതുജനങ്ങളിലേയ്ക്കും എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജന ആരോഗ്യ സേവന പ്രവർത്തനങ്ങളിൽ ദേശീയ തലത്തിൽ മാതൃകയാകുന്ന കേരള മോഡൽ റെയർ ബ്ലഡ് ഡോണർ രജിസ്ട്രി രാജ്യമെമ്പാടുമുള്ള കൂടുതൽ രോഗികൾക്ക് പ്രയോജനം നേടുന്നതിനായി രാജ്യവ്യാപകമായി വ്യാപിപ്പിക്കും.