De-addiction treatment for children will be ensured while ensuring privacy

ലഹരിവിമുക്ത കേരളം പ്രചാരണ കർമ്മ പരിപാടി രണ്ടാഘട്ടം ശക്തമാക്കും

കുട്ടികൾക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരി വിമുക്തി ചികിത്സ ഉറപ്പ് വരുത്തും. മുതിർന്നവർക്കായി ലഹരി വിമുക്തി ക്ലിനിക് ഉണ്ട്. എന്നാൽ കുട്ടികളുടെ ഭാവികൂടി മുന്നിൽ കണ്ടുള്ള സ്വകാര്യത ഉറപ്പ് വരുത്തിയുള്ള ചികിത്സ ഉറപ്പ് വരുത്തണം. കൂടുതൽ വിദ്യാർത്ഥികളിലേക്ക് ലഹരി വിമുക്ത പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് ശ്രമിക്കണം.

ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ സ്ഥാപന തലത്തിലും വകുപ്പ് മേധാവികളുടെ തലത്തിലും നടത്തണം. ലഹരി പദാർത്ഥങ്ങളുടെ വിൽപ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറാനുള്ള ഫോൺ നമ്പർ, മേൽവിലാസം എന്നിവ പ്രദർശിപ്പിച്ചെന്നും ഉറപ്പാക്കണം. സ്‌കൂളുകളിലടുത്തുള്ള കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തേണ്ടതാണ്.

ഫുട്‌ബോളിലൂടെ മയക്കു മരുന്നിനെതിരെയുള്ള സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കണം. ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. ആശയ വിനിമയത്തിനുള്ള ഇടം ഒരുക്കണം. വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കണം. വിദ്യാലയങ്ങൾ, എന്ട്രൻസ് കോച്ചിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി വിദ്യാലയ സന്ദർശനവും ചർച്ചകളും നടത്തണം. പി.ടി.എകളെ കൂടി ഇതിൽ ഉൾപ്പെടുത്തണം.

കോളേജുകളിൽ കരിയർ ഡെവലപ്‌മെന്റ് പരിപാടികൾ, ജീവനക്കാരെ ഉൾപ്പെടുത്തി ജാഗ്രത സദസുകൾ, സ്‌ട്രെസ് മാനേജ്‌മെന്റ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാവുന്നതാണ്. ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി സ്‌ട്രെസ് മാനേജ്‌മെന്റ് ക്ലാസുകൾ നടത്തണം. ഇതിനായി ആയുഷ് വകുപ്പും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം.
ട്രൈബൽ, അതിഥി തൊഴിലാളി, തീരദേശ മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾ, അവബോധ പരിപാടികൾ എന്നിവ നടത്തണം. സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ, ഡോർമെട്രികൾ, റിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. മെഡിക്കൽ സ്റ്റോറുകൾ, ആയുർവേദ ഔഷധ ശാലകൾ, മരുന്ന് നിർമ്മാണ യൂണിറ്റുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം നടത്തണം. മിത്ര 181 കൂടുതൽ പ്രവർത്തന നിരതമാകണം.