Department of Neonatology at Thrissur Medical College for specialized care of newborns

തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ നവജാത ശിശുക്കളുടെ അതിതീവ്ര പരിചരണത്തിന് പ്രത്യേക വിഭാഗം ആരംഭിച്ചു. 50 കിടക്കകളുള്ള അത്യാധുനിക തീവ്ര പരിചരണ വിഭാഗം കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ അസോസിയേറ്റ് പ്രൊഫസർ നിയമനവും നടത്തിയാണ് നിയോനറ്റോളജി വിഭാഗം സാക്ഷാത്ക്കരിച്ചത്. നവജാത ശിശുരോഗ വിഭാഗം ഡിഎം കോഴ്‌സ് ആരംഭിക്കുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷൻ അനുമതി ലഭ്യമാക്കാനുള്ള പരിശ്രമങ്ങളും നടത്തുന്നതാണ്. നിയോനറ്റോളജി വിഭാഗം ആരംഭിച്ചതോടെ ഈ മേഖലയിലെ നവജാതശിശു പരിചരണത്തിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്.

കുഞ്ഞ് ജനിച്ചതു മുതൽ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ മികച്ച പ്രത്യേക തീവ്ര പരിചരണം നിയോനറ്റോളജി വിഭാഗം വന്നതോടെ സാധ്യമാകും. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ, തൂക്കക്കുറവുള്ള നവജാത ശിശുക്കൾ, സർജറി ആവശ്യമായ നവജാത ശിശുക്കൾ എന്നിവരുടെ തീവ്ര പരിചരണം ഇതിലൂടെ സാധ്യമാണ്. കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള പ്രത്യേക ഐസിയു, ഇൻക്യുബേറ്റർ, വെന്റിലേറ്റർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഈ വിഭാഗത്തിൽ സജ്ജമാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയോനാറ്റോളജി വിഭാഗം നിലവിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ അടുത്തിടെ നിയോനറ്റോളജി വിഭാഗം ആരംഭിച്ചിരുന്നു. അത് കൂടാതെയാണ് തൃശൂർ മെഡിക്കൽ കോളേജിലും നിയോനറ്റോളജി വിഭാഗം ആരംഭിക്കുന്നത്. പ്രധാന മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിച്ച് നിയോനാറ്റോളജി വിഭാഗം ആരംഭിക്കുന്നുതാണ്.

സ്വകാര്യ ആശുപത്രികളിൽ പ്രതിദിനം 30,000 മുതൽ 40,000 രൂപവരെ ചെലവ് വരുന്നതാണ് നവജാതശിശുക്കളുടെ അതിതീവ്ര പരിചരണം. സമീപ ജില്ലകളായ എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങളെ പോലും അതിതീവ്ര പരിചരണത്തിനായി ഇവിടെയാണ് എത്തിക്കുന്നത്. ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ തീവ്ര പരിചരണത്തിനും പുറത്ത് നിന്നും കൊണ്ടുവരുന്ന കുഞ്ഞുങ്ങളുടെ തീവ്ര പരിചരണത്തിനും പ്രത്യേകം ന്യൂ ബോൺ കെയർ യൂണിറ്റുകളുണ്ട്.