For the 3rd time in a row, Kerala is the state that provided the most free treatment in India

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം തുടർച്ചയായി 3-ാം തവണയും കേരളത്തിന്

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള ഇന്ത്യ സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്. തുടർച്ചയായി 3-ാം വർഷമാണ് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളം നേടുന്നത്.
സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയായ കാസ്പ് ആണ് ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്.

ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എ.ബി.-പി.എം.ജെ.എ.വൈ.) പദ്ധതി പ്രകാരം രാജ്യത്ത് ‘ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ പ്രവർത്തനങ്ങൾ’ എന്നീ വിഭാഗങ്ങളിൽ കേരളം പുരസ്‌കാരം നേടി.

കഴിഞ്ഞ 2 വർഷങ്ങൾ കൊണ്ട് കേരളം കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ₹ 3200 കോടിയിലധികം സൗജന്യ ചികിത്സ നൽകി. കാസ്പ് പദ്ധതി വഴി കഴിഞ്ഞ 2 വർഷങ്ങളിലായി 13 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 30 ലക്ഷത്തോളം ക്ലൈമുകളിലൂടെ ചികിത്സ നൽകി.

ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖാന്തിരമാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള 613 ആശുപത്രികളിൽ നിന്നും ഗുണഭോക്താക്കൾക്ക് സൗജന്യ ചികിത്സ സേവനം ലഭ്യമാകുന്നു. കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത ₹ 3,00,000 -ത്തിൽ കുറവ് വാർഷിക വരുമാന പരിധിയുള്ള കുടുംബങ്ങൾക്കായി കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി മുഖാന്തിരവും ഈ ആശുപത്രികൾ വഴി ചികിത്സ സേവനങ്ങൾ ലഭ്യമാക്കുന്നു.

ആരോഗ്യ പരിരക്ഷ പദ്ധതികളിൽ ആരും പിന്നിലാകരുത്എന്ന സുസ്ഥിര വികസന ലക്ഷ്യം മുൻ നിർത്തി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് കാഴ്ച പരിമിതരായിട്ടുള്ള പദ്ധതി ഗുണഭോക്താക്കൾക്കായി പ്രത്യേക സേവനങ്ങൾ നൽകി വരുന്നത്. പദ്ധതിയുടെ ഭാഗമായി ചികിത്സ കാർഡ് ബ്രയിൽ ലിപിയിൽ സജ്ജമാക്കി. കാഴ്ച പരിമിതരായ അനേകം പേർക്കാണ് ഇതിലൂടെ ആശ്വാസമായത്. ഇത് പരിഗണിച്ചാണ് സംസ്ഥാനത്തിന് പ്രത്യേക പുരസ്‌കാരം കൂടി ലഭിച്ചത്.