CPR training will be implemented as a matter of course for all

സിപിആർ പരിശീലനം എല്ലാവർക്കും, കർമ്മപദ്ധതിയായി നടപ്പിലാക്കും
ഹൃദയ സ്തംഭനം ഉണ്ടായാൽ പ്രഥമ ശുശ്രൂഷ വളരെ പ്രധാനം

സിപിആർ അഥവാ കാർഡിയോ പൾമണറി റെസസിറ്റേഷൻ (Cardio Pulmonary Resuscitation) സംബന്ധിച്ച പരിശീലനം എല്ലാവർക്കും നൽകുക എന്ന കർമ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വർഷം ഏറ്റെടുക്കും. ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആർ. ശരിയായ രീതിയിൽ സിപിആർ നൽകി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാൽ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. സിപിആറിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് ആരോഗ്യ വകുപ്പ് ഒരു കർമ്മപദ്ധതിയായി തന്നെ ഏറ്റെടുക്കുന്നത്.

എന്താണ് സിപിആർ?

ഹൃദയസ്തംഭനം മൂലം വിവിധ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നത് മൂലം ബോധക്ഷയവും മറ്റ് സങ്കീർണതകളുമുണ്ടാകുന്നു. ഇങ്ങനെ സംഭവിച്ചാൽ അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും മസ്തിഷ്‌ക മരണത്തിലേക്ക് എത്തുകയും ചെയ്യും. ഇത് തടയുവാനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാർഗമാണ് സിപിആർ. തലച്ചോറിലേക്കും ഹൃദയത്തിലേക്കും ഓക്‌സിജൻ അടങ്ങിയ രക്തത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കാൻ സിപിആറിലൂടെ ഒരു പരിധി വരെ സാധിക്കും.

ഹൃദയാഘാതമുണ്ടായാൽ ഉടൻ സി.പി.ആർ. നൽകിയാൽ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുഴഞ്ഞുവീണ ആൾക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബോധമുണ്ടെങ്കിൽ ധാരാളം വെള്ളം നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുക. അബോധാവസ്ഥയിലാണെങ്കിൽ ഉടൻ തന്നെ പൾസും ശ്വാസം ഉണ്ടോയെന്നും പരിശോധിക്കുക. ഹൃദയമിടിപ്പ് ഇല്ലെങ്കിൽ സി.പി.ആർ ഉടൻ ആരംഭിക്കുക. ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്റെ ഇടത് ഭാഗത്താണ് സി.പി.ആർ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളിൽ മറ്റൊരു കൈ വയ്ക്കുകയും വിരലുകൾ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് അഞ്ചുമുതൽ ഏഴു സെന്റിമീറ്റർ താഴ്ചയിൽ നെഞ്ചിൽ അമർത്തിയാണ് സിപിആർ നൽകേണ്ടത്. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നൽകുക. പരിശീലനം ലഭിച്ച ഏതൊരാൾക്കും ചെയ്യാൻ സാധിക്കുന്ന പ്രഥമ ശുശ്രൂഷാ മാർഗമാണിത്. സിപിആർ ശാസ്ത്രീയമായി പരിശീലിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഒരുപാട് ജീവനുകൾ രക്ഷിക്കാൻ സാധിക്കും.