A historic achievement for Kerala: National award for food safety

കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം

ഭക്ഷ്യ സുരക്ഷാ സൂചികയിൽ തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് ഒന്നാം സ്ഥാനം

ദേശീയ തലത്തിൽ ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയിൽ ദേശീയ തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവർത്തനങ്ങളിലൂടെ തുടർച്ചയായ രണ്ടാം വർഷവും കേരളം ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു. വിവിധ ബോധവത്ക്കരണ പരിപാടികൾ ഉൾപ്പെടെ പ്രവർത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കുന്നത്.

കേരളം ഭക്ഷ്യ സുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിനിലൂടെ ഭക്ഷ്യ സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ വർഷം മുതൽ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിലാക്കി ഏകോപിപ്പിച്ചു. ഷവർമ മാർഗനിർദേശം പുറത്തിറക്കി. ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീൻ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നിവയും നടപ്പിലാക്കി. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജൻസ്) രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും യാഥാർത്ഥ്യമാക്കി. മുൻ വർഷങ്ങളേക്കാൾ റെക്കോർഡ് പരിശോധനകളാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. ഓൺലൈൻ റിപ്പോർട്ടിംഗിലൂടെ ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഒപ്പം നിന്ന് പ്രവർത്തിച്ച് ഈ നേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും അഭിനന്ദിച്ചു.

ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്‌കാരം ന്യൂ ഡൽഹി ഭാരത് മണ്ഡപിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നഡ്ഡയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണർ അഫ്‌സാന പർവീൺ ഏറ്റുവാങ്ങി.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളായ ഭക്ഷ്യസുരക്ഷാ പരിശോധന, സാമ്പിൾ ശേഖരണം, സാമ്പിൾ പരിശോധന, പ്രോസിക്യൂഷൻ കേസുകൾ, എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈൽ ലാബിന്റെ പ്രവർത്തനം, ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഭക്ഷ്യ സംരംഭകർക്കും നൽകിയ പരിശീലനങ്ങൾ, ഭക്ഷ്യ സുരക്ഷാ ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങി 40ഓളം മേഖലകളിലെ പ്രവർത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിത്.