Special inspection by Special Task Force ahead of Onam

ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന ശക്തമാക്കി

ഓണത്തിന് മുന്നോടിയായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ പ്രത്യേക പരിശോധന

ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലേയ്ക്കായി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഭക്ഷ്യസുരക്ഷ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ രാത്രികാല പരിശോധനകൾ നടത്തി. 53 വാഹനങ്ങൾ പരിശോധന നടത്തി. 18 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ പരിശോധന ആവശ്യമായ 7 സ്റ്റാറ്റിയുട്ടറി സാമ്പിളകൾ ശേഖരിച്ച് എറണാകുളം അനലിറ്റിക്കൽ ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പരിശോധന നടത്തും.

മൂന്ന് സ്‌ക്വാഡുകളായി വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിലായിരുന്നു പരിശോധന. പാൽ, പഴവർഗങ്ങൾ, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധന നടത്തി. ലാബിൽ നിന്ന് പരിശോധന റിപ്പോർട്ട് വരുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.