2016 വരെയുള്ള വായ്പകളിൽ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കാൻ അവസരം

സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള വനിത വികസന കോർപറേഷനിൽ നിന്നും 2010 മുതൽ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയിൽ പിഴപ്പലിശ പൂർണമായി ഒഴിവാക്കുന്നതിന് അനുമതി നൽകി. ഈ കാലയളവിൽ വിവിധ കാരണങ്ങളാൽ കുടിശിക തീർക്കാതെ പോയ വായ്പകൾക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇത് ബാധകമാകുന്നത്.

ഇത്തരത്തിൽ കുടിശികയുള്ള വായ്പകളിൽ ഒറ്റത്തവണ തീർപ്പാക്കലിന് തയ്യാറാകുന്ന പക്ഷം പിഴപ്പലിശ പൂർണമായും ഒഴിവാക്കി നൽകുന്നതിന് സംസ്ഥാന സർക്കാർ വനിത വികസന കോർപറേഷന് അനുമതി നൽകിയിരിക്കുന്നു. ഇതിലൂടെ മുന്നൂറ്റി അറുപതോളം വനിതകൾക്ക് പ്രയോജനം ലഭിക്കുന്നതാണ്.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 784 കോടി രൂപയുടെ സ്വയം തൊഴിൽ വായ്പ വിതരണം നടത്തിയ വനിത വികസന കോർപറോഷൻ നേരിട്ടും പരോക്ഷമായും ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിച്ചു.