14-year-old boy cured of amoebic encephalitis * It is rare in the country that a person affected by this disease recovers from the disease

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

* ഈ രോഗം ബാധിച്ച ഒരാൾ രോഗമുക്തി നേടുന്നത് രാജ്യത്ത് അപൂർവമായി

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും അഭിനന്ദിച്ചു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗ ലക്ഷണങ്ങൾ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകൾ അറിയിക്കുകയും ചെയ്തു. അന്നേ ദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാകുകയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമുണ്ടായി. കുട്ടിയ്ക്ക് വേണ്ടി ആരോഗ്യവകുപ്പ് Miltefosine മരുന്ന് പ്രത്യേകമായി എത്തിച്ച് നൽകുകയും ചെയ്തു. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താൻ സാധിച്ചതും, ലഭ്യമായ ചികിത്സകൾ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താൻ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാൻ കഴിഞ്ഞത്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ജൂലൈ അഞ്ചാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം കൂടുകയും, അപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി ചേർന്ന് പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം സ്ഥിരീകരിക്കാനുള്ള മോളിക്യുലർ പരിശോധനാ സംവിധാനങ്ങൾ ഒരുക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. മേയ് 28ന് ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ചികിത്സാ മാർഗനിർദേശങ്ങൾ തയാറാക്കുന്നതിന് തീരുമാനിക്കുകയും ഇതനുസരിച്ച് ജൂലൈ 20ന് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സാ മാർഗരേഖ പുറത്തിറക്കുകയും ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്ര മാർഗരേഖ പുറത്തിറക്കിയത്.