എ.എം.ആർ. പ്രതിരോധം: കാർസാപ്പ് പ്രവർത്തക സമിതി വിപുലീകരിച്ചു
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനായി സംസ്ഥാനത്ത് രൂപീകരിച്ച ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്പ്) പ്രവർത്തക സമിതി വിപുലീകരിച്ചു. മുമ്പ് നിലവിലുണ്ടായിരുന്ന 12 അംഗ പ്രവർത്തക സമിതി 15 അംഗങ്ങളാക്കിയാണ് വിപുലീകരിച്ചത്. ദന്തൽ വിഭാഗം, എ.എം.ആർ. (ആന്റി മൈക്രോബ്രിയൽ റസിസ്റ്റൻസ്) സർവൈലൻസിനായുള്ള ലാബ് സിസ്റ്റം, ആന്റിബയോട്ടിക്കുകളുടെ പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് എന്നീ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് വിപുലീകരിച്ചിരിക്കുന്നത്. പ്രവർത്തക സമിതിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് കാർസാപ്പ് നോഡൽ ഓഫീസർ തിരുവനന്തപുരം മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവിയാണ്. ജില്ലകളിൽ നടക്കുന്ന എഎംആർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ആരോഗ്യ വകുപ്പ് (മെഡിക്കൽ) അഡീഷണൽ ഡയറക്ടറായിരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവിയാണ് പ്രവർത്തക സമിതിയുടെ കൺവീനർ. ആന്റിബയോട്ടിക് പ്രതിരോധത്തിന് സംസ്ഥാനത്ത് നടക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ഈ വിപുലീകരണത്തോടെ സാധിക്കും.
ആന്റിബയോട്ടിക് സാക്ഷര കേരളം ആക്ഷൻ പ്ലാൻ, ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സർവൈലൻസ്, എല്ലാ ജില്ലകളിലേയും ഹബ്ബ് ആന്റ് സ്പോക്ക് മോഡൽ എഎംആർ സർവൈലൻസ്, മൃഗസംരക്ഷണം, എൻവെയൻമെന്റൽ സർവൈലൻസ്, ഫിഷറീസ് ആന്റ് അക്വാകൾച്ചർ, തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള അവബോധം, സ്കൂൾ കുട്ടികൾക്കുള്ള അവബോധം, എഎംആർ പരിശീലനം, സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങൾ, ആശുപത്രികളിലെ പ്രവർത്തനങ്ങൾ, ഗവേഷണം, എ.എം.ആർ. സർവൈലൻസിനായുള്ള ലാബ് സിസ്റ്റം, ദന്തൽ വിഭാഗം, ആന്റിബയോട്ടിക്കുകളുടെ പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് എന്നീ വിഭാഗങ്ങളിലായാണ് നോഡൽ ഓഫീസർമാരെ നിയമിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ മെഡിക്കൽ, പബ്ലിക് ഹെൽത്ത് എന്നിവരും സമിതിയുടെ ഭാഗമായിരിക്കും. അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ, ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റർ, ഇന്ത്യൻ ദന്തൽ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ട്.
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുൾക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. രാജ്യത്ത് ആദ്യമായി സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കി. രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആർ കമ്മിറ്റികൾ രൂപീകരിച്ചു. കൂടുതൽ ആശുപത്രികളെ കാർസ്നെറ്റ് ശൃംഖലയിലേക്കും ആന്റിബയോട്ടിക് സ്മാർട്ടിലേക്കും മാറ്റിയിട്ടുണ്ട്. മുമ്പ് ബ്ലോക്ക്തല, ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള മാർഗരേഖ പുറത്തിറക്കി.
ലോകത്ത് ആദ്യമായി ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച അവയർ മെട്രിക്സ് പ്രകാരം കൾച്ചർ റിപ്പോർട്ടിംഗ് ഫോർമാറ്റ് വികസിപ്പിച്ച് നടപ്പിലാക്കിയത് കേരളത്തിലാണ്. (തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ) ഇത് ഒരു അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം ഉറപ്പ് വരുത്താനായി കെ ഡിസ്കിന്റെ സഹായത്തോടെ ആദ്യമായി മൊബൈൽ ആപ്പ് പുറത്തിറക്കി. സംസ്ഥാനത്ത് ഇതുവരെ 52 ആശുപത്രികളാണ് കാർസ്നെറ്റ് ശൃംഖലയിൽ വന്നിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഈ ശൃംഖലയുടെ ഭാഗമാക്കി മാറ്റുക എന്നുള്ളതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യം വെച്ചിരിക്കുന്നത്. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനും ലക്ഷ്യം വയ്ക്കുന്നു.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും നിർത്തലാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ആരോഗ്യ വകുപ്പ്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണ്. (പൊതുജനങ്ങൾക്ക് വിവരം കൈമാറാനുള്ള ടോൾ ഫ്രീ നമ്പർ: 18004253182). ആന്റിബയോട്ടിക്കുകൾ തിരിച്ചറിയുന്നതിന് നീല കവറിൽ നൽകാനും നിർദേശം നൽകിയിട്ടുണ്ട്.