Robotic surgery for cancer for the first time in government sector; RCC with state-of-the-art facilities

സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് സർജറി; അത്യാധുനിക സൗകര്യങ്ങളൊരുക്കി ആർസിസി

കാൻസർ ചികിത്സാരം​ഗത്തെ അത്യാധുനിക സംവിധാനമായ റോബോട്ടിക് സർജറി യൂണിറ്റ് സർക്കാർ മേഖലയിലും യാഥാർത്ഥ്യമാകുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി രോഗനിർണയവും ചികിത്സയും കൂടുതൽ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം ആർസിസിയിൽ 30 കോടി രൂപ ചെലവിലാണു പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് സ്ഥാപിച്ചത് ഇതിന് പുറമേ ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെൽഫെയർ ആന്റ് സർവീസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നീ അത്യാധുനിക ചികിത്സാസംവിധാനങ്ങളും ആർസിസിയിൽ സജ്ജീകരിച്ചിട്ടുണ്ട്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.എം.സി.സി.യിലും റോബോട്ടിക് സർജറി ഉടൻ പ്രവർത്തന സജ്ജമാകും.

ഒരു പ്രത്യേക തരം മിനിമൽ ആക്സസ് ശസ്ത്രക്രിയയാണ് റോബോട്ടിക് സർജറി. ഇത് സർജിക്കൽ റോബോട്ടിന്റെ സഹായത്തോടു കൂടിയാണ് നടത്തുന്നത്. വിവിധ തരത്തിലുള്ള കാൻസറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം ഏറ്റവും നന്നായി കുറയ്ക്കാൻ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങൾ.

ശസ്ത്രക്രിയാ വേളയിൽ തന്നെ കാൻസർ ബാധിത ഭാഗത്ത് കീമോതെറാപ്പി നൽകാൻ കഴിയുന്ന സംവിധാനമാണ് ഹൈപെക് അഥവാ ഹൈപ്പർ തെർമിക് ഇൻട്രാ പെരിറ്റോണിയൽ കീമോതെറാപ്പി ചികിത്സാ സംവിധാനം. രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും കാത്തിരുപ്പുവേള സുഖപ്രദമാകുമെന്നതിന്റെ ഭാഗമായാണ് പേഷ്യന്റ് വെൽഫയർ & സർവീസ് ബ്ലോക്ക് സജ്ജമാക്കിയത്. ക്ലിനിക്കൽ ലാബിലെ പരിശോധനകൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കുകയും അത് തത്സമയം നിരീക്ഷിക്കുകയും ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്.