6 കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സർക്കാർ
ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള 6 കുട്ടികൾക്ക് ആരോഗ്യ വകുപ്പ് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. ജുവനൈൽ മൈലോമോണോസിറ്റിക്ക് ലുക്കീമിയ, ഡ്യൂറൽ ആർട്ടീരിയോ വീനസ് ഫിസ്റ്റുല, ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, പ്രൈമറി ഹൈപ്പർഓക്സലൂറിയ ടൈപ്പ് 1, ക്ലാസിക് ഹോഡ്കിൻസ് ലിംഫോമ, ഷ്വാക്മാൻ ഡയമണ്ട് സിൻട്രോം തുടങ്ങിയ രോഗങ്ങളുടെ സൗജന്യ ചികിത്സയ്ക്കായാണ് അനുമതി നൽകിയത്. ആരോഗ്യകിരണം സംസ്ഥാനതല സമിതിയാണ് ഇതുസംബന്ധിച്ച് അംഗീകാരം നൽകിയത്. സ്വകാര്യ മേഖലയിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സകളാണ് സൗജന്യമായി ലഭ്യമാക്കുന്നത്.
തലശേരി സ്വദേശിയായ ഒരു വയസുളള്ള കുട്ടിയ്ക്ക് ജുവനൈൽ മൈലോമോണോസിറ്റിക് ലുക്കീമിയ രോഗത്തിന് മലബാർ കാൻസർ സെന്റർ വഴി ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ, പാലക്കാട് സ്വദേശി 14 വയസുള്ള കുട്ടിയ്ക്ക് ഡ്യൂറൽ ആർട്ടീരിയോ വീനസ് ഫിസ്റ്റുലയ്ക്ക് ശ്രീചിത്ര വഴി എംബോളൈസേഷൻ, പാലക്കാട് സ്വദേശിയായ 5 വയസുകാരന് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയ്ക്ക് മലബാർ കാൻസർ സെന്ററിൽ നിന്നും ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ, തിരുവനന്തപുരം സ്വദേശിയായ 2 വയസുകാരിയ്ക്ക് പ്രൈമറി ഹൈപ്പർഓക്സലൂറിയയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ, തിരുവനന്തപുരം സ്വദേശി 6 വയസുകാരന് ക്ലാസിക് ഹോഡ്കിൻസ് ലിംഫോമയ്ക്ക് എസ്.എ.ടി. ആശുപത്രിയിൽ നിന്നും ഓട്ടോലോഗസ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ, തിരുവനന്തപുരം സ്വദേശി 10 വയസുകാരിയ്ക്ക് ഷ്വാക്മാൻ ഡയമണ്ട് സിൻട്രോം രോഗത്തിന് മലബാർ കാൻസർ സെന്റർ വഴി ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ എന്നീ ചികിത്സകൾക്കാണ് അനുമതി നൽകിയത്.