കേരളീയം 2023: ആരോഗ്യ വകുപ്പിന്റെ 2 സെമിനാറുകൾ
പൊതുജനാരോഗ്യം, മഹാമാരികളെ കേരളം നേരിട്ട വിധം
കേരളീയം 2023ന്റെ ഭാഗമായുള്ള സെമിനാറുകളിൽ ആരോഗ്യ വകുപ്പിന്റെ 2 സെമിനാറുകൾ സംഘടിപ്പിക്കുന്നു. നവംബർ 3ന് സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ 1.30 വരെ ‘പൊതുജനാരോഗ്യം’ എന്ന വിഷയത്തിലും നവംബർ 4ന് രാവിലെ 9.30 മുതൽ 1.30 വരെ മസ്കറ്റ് ഹോട്ടലിൽ വച്ച് ‘മഹാമാരികളെ കേരളം നേരിട്ട വിധം’ എന്ന വിഷയത്തിലുമാണ് സെമിനാർ നടക്കുക. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ചിട്ടുള്ള പുരോഗതി ചർച്ച ചെയ്യുവാനും പഴയതും പുതിയതുമായ പകർച്ചവ്യാധികൾ, പകർച്ചേതര വ്യാധികൾ എന്നിവയെ പ്രതിരോധിച്ച വിധവും കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ സമാഹരിക്കുന്നതിനുമാണ് കേരളീയം 2023 ന്റെ ഭാഗമായി ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നത്.
ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശംസ നേടിയിട്ടുള്ളതാണ് കേരളത്തിലെ പൊതുജനാരോഗ്യ രംഗം. നിപ വൈറസ്, കൊവിഡ് 19 മഹാമാരി എന്നിവയെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്നു. ആയുർദൈർഘ്യം, ശിശുമരണം, മാതൃമരണം, ആൺ-പെൺ അനുപാതം എന്നിവയിലൊക്കെ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച നേട്ടം കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കൂടിയാണ്. പാർശ്വവത്കരിക്കപെട്ടവർക്കായി പ്രത്യേക ആരോഗ്യ പദ്ധതി, പ്രായമായവർക്കും കിടപ്പിലായവർക്കും ദീർഘകാല രോഗബാധിതർക്കും പരിചരണത്തിനായി സുശക്തമായ സാന്ത്വന പരിചരണ സംവിധാനം എന്നിവയും പ്രത്യേകതയാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുകയും നവകേരളം കർമ്മ പദ്ധതി ആർദ്രം മിഷൻ ഒന്നും രണ്ടിലൂടെയും ആരോഗ്യ മേഖലയിൽ വലിയ വികസന പ്രവർത്തനങ്ങൾ നടത്താനും സാധിച്ചു.
നവംബർ 3ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ‘പൊതുജനാരോഗ്യം’ സെമിനാറിൽ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തും. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചർ, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ. കെ. ശ്രീനാഥ് റെഡ്ഡി, ജിപ്മർ ഇന്റർനാഷണൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഗ്ലോബൽ സ്റ്റീയറിംഗ് കൗൺസിൽ ഓഫ് ദി പീപ്പിൾസ് ഹെൽത്ത് മൂവ്മെന്റ് & അഡ്ജൻക്റ്റ് ഫാക്കൽറ്റി ഡോ. ടി. സുന്ദരരാമൻ, യു.എസ്.എ. ജഫേഴ്സൺ മെഡിക്കൽ കോളേജ് എം.ഡി. ഡോ. എം.വി. പിള്ള, പാലിയം ഇന്ത്യ ഫൗണ്ടർ & ചെയർമാൻ ഡോ. എം.ആർ. രാജഗോപാൽ, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഹെൽത്ത്, ഹെൽത്തിയർ സൊസൈറ്റീസ് പ്രോഗ്രാം ഡയറക്ടർ ഡോ. ദേവകി നമ്പ്യാർ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി എമിറേറ്റ്സ് പ്രൊഫസർ, ഡോ. വി രാമൻകുട്ടി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. പി.കെ. ജമീല എന്നിവരാണ് പാനലിസ്റ്റുകൾ.
നവംബർ 4ന് മസ്കറ്റ് ഹോട്ടലിൽ വച്ച് ‘മഹാമാരികളെ കേരളം നേരിട്ട വിധം’ സെമിനാർ നടക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തും. മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ., ഗ്ലോബൽ ഹെൽത്ത് സീനിയർ ലക്ചറർ ഡോ. റിച്ചാർഡ് എ. ക്യാഷ്, ലോകാരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ, സി.എം.സി. വെല്ലൂർ ശിശുരോഗ വിദഗ്ധൻ ഡോ. ജേക്കബ് ടി ജോൺ, സി.എം.സി. വെല്ലൂർ ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ വൈറോളജി ഡോ. പ്രിയ ഏബ്രഹാം, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മുൻ അംഗം ഡോ. ബി. ഇക്ബാൽ, ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ആരോഗ്യ വകുപ്പ് മുൻ സെക്രട്ടറി (കെ.എസ്.ഇ.ബി. ചെയർമാൻ & മാനേജിങ് ഡയറക്ടർ) ഡോ. രാജൻ എൻ. ഖോബ്രഗഡെ എന്നിവർ പാനലിസ്റ്റുകളാണ്.