ശ്രുതി തരംഗം പദ്ധതി: ശസ്ത്രക്രിയകൾ നടന്നു വരുന്നു
എംപാനൽ ആശുപത്രികൾ മുഖേന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിൽ ശ്രുതി തരംഗം പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ ശസ്ത്രക്രിയകൾ നടന്നു വരുന്നു. പദ്ധതിയുടെ മുൻ വർഷങ്ങളിലെ നടത്തിപ്പുകാരായിരുന്ന കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ (കെഎസ്എസ്എം) മുഖേനയും അല്ലാതെയും പുതിയ കോക്ലിയർ ഇംപ്ലാന്റേഷൻ സർജറികൾക്കായി ലഭിച്ചിട്ടുള്ള അപേക്ഷകളിൽ 44 എണ്ണത്തിന് പദ്ധതിയുടെ സാങ്കേതിക സമിതി ശസ്ത്രക്രിയ നടത്തുവാനുള്ള അംഗീകാരം നൽകിയിട്ടുണ്ട്. ഈ കുട്ടികളുടെ ശസ്ത്രക്രിയയാണ് എപ്പോൾ നടന്നു വരുന്നത്.
സർക്കാർ മേഖലയിൽ നിന്നും തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളും സ്വകാര്യ മേഖലയിൽ നിന്നും ഡോ. നൗഷാദ് ഇ.എൻ.ടി. ഇൻസ്റ്റിറ്യൂട്ട് & റിസർച്ച് സെന്റർ, എറണാകുളം, ഡോ. മനോജ് ഇ.എൻ.ടി. സൂപ്പർ സ്പെഷ്യാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്റർ, കോഴിക്കോട്, അസ്സെന്റ് ഇ.എൻ.ടി. ഹോസ്പിറ്റൽ പെരിന്തൽമണ്ണ എന്നീ ആശുപത്രികളുമാണ് ശ്രുതിതരംഗം പദ്ധതിയിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന എംപാനൽ ചെയ്തിട്ടുള്ളത്.
കെഎസ്എസ്എം പദ്ധതി നിർവഹണ കാലയളവിൽ നടത്തിയിട്ടുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ സർജറികളിൽ തുടർസേവനങ്ങളായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ പ്രോസസർ അപ്ഗ്രഡേഷൻ എന്നിവയ്ക്കായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് ലഭിച്ചിട്ടുള്ള അപേക്ഷകളിലെ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിക്കുള്ള അപേക്ഷ കൂടാതെ ഈ വിഭാഗങ്ങളിലുള്ള അപേക്ഷകളും ഗുണഭോക്താക്കൾക്ക് എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികൾ മുഖേന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോമുകൾ ഗുണഭോക്താക്കൾക്ക് ഈ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാണ്.
ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതി തരംഗം. പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് മെഡിക്കൽ അഷ്വറൻസ് വിപുലീകരിക്കുന്നതിനുള്ള ലക്ഷ്യം മുൻനിർത്തി സമാന സ്വഭാവമുള്ള ആരോഗ്യ ആനുകൂല്യ പദ്ധതികൾ ഒന്നിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി 2023-24 സാമ്പത്തിക വർഷം മുതൽ പദ്ധതി ആരോഗ്യ വകുപ്പിന് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പദ്ധതിയുടെ നിർവഹണ ചുമതല ഏറ്റെടുത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചത്.