സംസ്ഥാന ഡോക്ടേഴ്സ് അവാർഡ് പ്രഖ്യാപിച്ചു
സംസ്ഥാന ബെസ്റ്റ് ഡോക്ടേഴ്സ് അവാർഡ് 2022 പ്രഖ്യാപിച്ചു. ഹെൽത്ത് സർവീസ് വിഭാഗത്തിൽ കണ്ണൂർ, മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനൂപ് സി.ഒ., മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം പ്രൊഫസർ ഡോ. ഗോമതി എസ്., ഇൻഷുറൻസ് മെഡിക്കൽ സർവീസ് മേഖലയിൽ പാലക്കാട് ഇ.എസ്.ഐ. ആശുപത്രി ഫിസിഷ്യൻ ഡോ. ജയശ്രീ എസ്., ദന്തൽ മേഖലയിൽ കോഴിക്കോട് വടകര ജില്ലാ ആശുപത്രി ജൂനിയർ കൺസൾട്ടന്റ് (ദന്തൽ) ഡോ. സജു എൻ.എസ്., സ്വകാര്യമേഖലയിൽ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ അനസ്തേഷ്യാ വിഭാഗം കൺസൾട്ടന്റ് ഡോ. ശശിധരൻ പി. എന്നിവരേയാണ് ഡോക്ടേഴ്സ് അവാർഡിനായി തെരഞ്ഞെടുത്തത്. 15,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവുമാണ് അവാർഡ്. മുൻവർഷത്തെക്കാൾ അവാർഡ് തുക വർധിപ്പിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്സണായ സംസ്ഥാനതല അവാർഡ് കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്. കോവിഡ് സാഹചര്യത്തിൽ മുൻ വർഷങ്ങളിൽ ഡോക്ടർമാർക്ക് അവാർഡ് നൽകിയിരുന്നില്ല. ഇത്തവണത്തെ ഡോക്ടേഴ്സ് അവാർഡ് നിർണയം നടത്തിയത് പുതുക്കിയ മാർഗരേഖയനുസരിച്ചാണ്.