ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ, ന്യൂറോ സയൻസ് റിസർച്ച്, മോളിക്യുലാർ ഇമ്മ്യൂണോളജി, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ ലോക പ്രശസ്തമാണ് ക്യൂബൻ ആരോഗ്യ സംവിധാനം. അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കുന്നതിൽ ക്യൂബൻ ബയോടെക്നോളജിയും ഫാർമസ്യൂട്ടിക്കൽസും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ രംഗത്തെ സഹകരണമുറപ്പാക്കുന്നതോടെ ആകർഷണീയമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടാവുക.
ആരോഗ്യ- അനുബന്ധ മേഖകളിൽ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്തുകൊണ്ട് ബയോക്യൂബഫാർമയുമായി (BioCubaFarma) സഹകരിച്ച് കേരളത്തിൽ ഒരു വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താൽപര്യവും അറിയിച്ചു. ക്യുബയിലേയും കേരളത്തിലെയും ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങൾ ഒരുക്കും. വാർഷിക ശിൽപശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം സുദീർഘമായി നിലനിർത്താൻ കഴിയും.
തുടർ നടപടികൾക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. കേരളത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതിന് നേതൃത്വം വഹിക്കും.
ആരോഗ്യ, ഗവേഷണ, നിർമ്മാണ രംഗത്തെ കൂടുതൽ ചർച്ചകൾക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്യൂബൻ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ചു.
ബയോക്യൂബഫാർമ പ്രസിഡന്റ് എഡ്വാർഡോ മാർട്ടിനെസ് ഡിയസ്, നാഷണൽ സെന്റർ ഫോർ ന്യൂറോ സയൻസസ് (CNEURO) ഡയറക്ടർ ജനറൽ ഡോ. മിച്ചൽ വാൽഡെസ് സോസ, സെന്റർ ഫോർ മോളിക്യുലാർ ഇമ്മ്യൂണോളജി (CIM) ഡയറക്ടർ ജനറൽ എഡ്വാർഡോ ഒജിറ്റോ മാഗസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.