ഇടമലക്കുടിയിൽ ആദ്യമായി നേത്ര പരിശോധനാ ക്യാമ്പ് നടത്തി
ഇക്കഴിഞ്ഞ മേയ് 25ന് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോൾ അമ്മമാർക്ക് നൽകിയ വാക്ക് പാലിച്ചു. സൊസൈറ്റി കുടിയിലെ അഴകമ്മയാണ് കണ്ണുകാണുന്നില്ല എന്ന സങ്കടം പങ്കുവച്ചത്. മറ്റ് അമ്മമാരും മൂപ്പന്മാരും അവിടെയുള്ള പലർക്കും കണ്ണ് കാണുന്നില്ല എന്ന വിഷമവും പറഞ്ഞു. മറ്റുള്ള ഊരുകളിൽ നിന്ന് സൊസൈറ്റിക്കുടി അരോഗ്യ കേന്ദ്രത്തിലേക്ക് ഇവരിൽ പലരും വടി ഊന്നിയാണ് എത്തിയത്. ഇടമലക്കുടിയിൽ നിന്ന് മടങ്ങുമ്പോൾ നേത്രപരിശോധനാ ക്യാമ്പ് നടത്താൻ നിർദേശം നൽകിയിരുന്നു.
അങ്ങനെയാണ് രണ്ടാഴ്ചയ്ക്കുള്ളിൽ ഇടമലക്കുടിയിൽ ആദ്യമായി നേത്ര പരിശോധനാ ക്യാമ്പ് നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പിൽ 70 പേരാണ് എത്തിയത്. തിമിരമുൾപ്പെടെയുള്ള കാഴ്ചാ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. കണ്ണട ആവശ്യമുള്ളവർക്ക് അത് നൽകും. സർജറി വേണ്ടവർക്ക് അത് ചെയ്യാനുള്ള സംവിധാനവും ഒരുക്കും. സൗജന്യ നേത്രപരിശോധന ക്യാമ്പിൽ അടിമാലി താലൂക് ആശുപത്രിയിലെ ഓഫ്താൽമോളജിസ്റ്റ് ആയ ഡോ. ഷൈബാക്ക് തോമസ്, ഇടമലക്കുടി മെഡിക്കൽ ഓഫീസർ ഡോ സാഖിൽ രവീന്ദ്രൻ, മേഴ്സി തോമസ് ( ജില്ലാ ഒഫ്ത്താൽമിക് കോർഡിനേറ്റർ ), ഒപ്റ്റോമെട്രിസ്റ്റിമാർ ആയ ശില്പ സാറ ജോസഫ്, സുജിത് , സേതുലക്ഷ്മി, ജിമിന ജോസ് എന്നിവർ പങ്കെടുത്തു. ഇടമലക്കുടിയിലെ ജീവനക്കാരായ സുനിൽകുമാർ, മുഹമ്മദ്, വെങ്കിടെഷ്, ബേസിൽ എന്നിവർ ആവശ്യമായ പിന്തുണ നൽകി.