കളമശേരി മെഡിക്കൽ കോളേജ് മാതൃശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സമയബന്ധിതമായി പൂർത്തിയാക്കും
കൊച്ചിൻ കാൻസർ സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കും
എറണാകുളം കളമശേരി മെഡിക്കൽ കോളേജിന്റേയും കൊച്ചിൻ കാൻസർ സെന്ററിന്റേയും വികസന പ്രവർത്തനങ്ങൾ വിശകലം ചെയ്തു. കളമശേരി മെഡിക്കൽ കോളേജ് മാതൃശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി. കൊച്ചിൻ കാൻസർ സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും. രണ്ടിടങ്ങളിലും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തും.
കളമശേരി മെഡിക്കൽ കോളേജിനും കൊച്ചിൻ കാൻസർ സെന്ററിനും ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. വാട്ടർ അതോറിറ്റി ഇൻകെൽ മുഖേന ഇതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കേണ്ടതാണ്. കെഎസ്ഇബി സബ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. സ്ഥലം വിട്ടു നൽകുന്നതിനായുള്ള എൻഒസി മെഡിക്കൽ കോളേജ് നൽകും. മാതൃശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് ആവശ്യമായ ആശുപത്രി ഉപകരണങ്ങൾ 6 മാസത്തിനുള്ളിൽ കെ.എം.എസ്.സി.എൽ. സജ്ജമാക്കും. മെഡിക്കൽ കോളേജിനുള്ളിലെ റോഡുകൾ വീതി കൂട്ടാനും തീരുമാനിച്ചു. മാതൃശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ മേൽനോട്ടത്തിനായുള്ള നോഡൽ ഓഫീസറായി ഡോ. ഗണേഷ് മോഹനെ ചുമതലപ്പെടുത്തി.