ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ 5 അംഗ ടാസ്ക് ഫോഴ്സ്
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപികരിച്ചു. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുന്നതിനും കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യുന്നതിനും മാർക്കറ്റിൽ മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ എത്തുന്നതിന് മുമ്പായി തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുമായാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, 2 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ, ക്ലാർക്ക് എന്നിവരാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലുള്ളത്.
സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ ചുമതല
1. ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ, അവയുടെ ഉത്പാദക കേന്ദ്രങ്ങൾ, വിപണന മാർഗങ്ങൾ എന്നിവ സംബന്ധിച്ച് പഠിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിച്ച് റിപ്പോർട്ട് നൽകൽ.
2. ഭക്ഷ്യവിഷബാധ ഉണ്ടായാൽ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടൽ, അന്വേഷണം, റിപ്പോർട്ട് ചെയ്യൽ, പ്രവർത്തനം ഏകോപിപ്പിക്കൽ എന്നിവ.
3. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിക്ക് നിർദ്ദേശം നൽകൽ, നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കൽ, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിക്ക് നിർദ്ദേശം നൽകൽ, വ്യാജ ഓർഗാനിക്ക് ഉത്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ, വിൽപന എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കൽ, ഹെൽത്ത് സപ്ലിമെന്റ്, ഫുഡ് സപ്ലിമെന്റ് എന്നിവയുടെ നിർമ്മാണ രീതികളെകുറിച്ചുള്ള അന്വേഷണം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആവശ്യമായ നടപടികൾ എടുക്കുകയും ആവശ്യമായ വിവരങ്ങൾ കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്യൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളിൽ ആവശ്യമായ അന്വേഷണവും നടപടിയും റിപ്പോർട്ടും നൽകൽ, കമ്മീഷണർ നിർദ്ദേശിക്കുന്ന മറ്റ് ചുമതലകൾ വഹിക്കൽ എന്നിവ.
ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര സാഹചര്യത്തിൽ ടാസ്ക്ഫോഴ്സ് ടീം അതിന്റെ അന്വേഷണം, തുടർ നടപടികൾ, റിപ്പോർട്ടിങ് എന്നിവ നടത്തേണ്ടതാണ്. ജീവനക്കാർ അവരവരുടെ പ്രവർത്തനം അതീവ ഗൗരവത്തോടും കൂട്ടുത്തരവാദിത്വത്തോട് കൂടിയും രഹസ്യ സ്വഭാവത്തോട് കൂടിയും നിറവേറ്റതാണ്. ഭക്ഷ്യ വിഷബാധയുടെ റിപ്പോർട്ടും പ്രത്യേക അന്വേഷണം നടത്തുന്ന റിപ്പോർട്ടും കാലതാമസം വരുത്താതെ കമ്മീഷണർ ഓഫീസിൽ അയക്കേണ്ടതാണ്. 6 മാസത്തിലൊരിക്കൽ പ്രവർത്തനങ്ങൾ വിലിയിരുത്തുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതുമാണ്.