കുഷ്ഠരോഗം സംസ്ഥാനത്ത് ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നതിനാൽ കുഷ്ഠ രോഗത്തെപറ്റിയുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിച്ച് രോഗ നിർണയത്തിനും ചികിത്സക്കും സംസ്ഥാന ആരോഗ്യവകുപ്പ് കുഷ്ഠരോഗ നിർണയ പ്രചരണ കാമ്പയിൻ ‘അശ്വമേധം’ നടപ്പിലാക്കുന്നു. സമൂഹത്തിലെ കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുന്നതാണ് കാമ്പയിൻ. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ പരിശോധിക്കുന്നു. കേരളത്തിൽ ഇപ്പൊഴും കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യുന്നതിനാൽ രോഗ ലക്ഷണങ്ങൾ, പകരുന്ന രീതി ,രോഗനിർണയം ചികിത്സ സംവിധാനങ്ങൾ,നിർമാർജന പ്രവർത്തനങ്ങൾ എന്നിവയെ പറ്റിയുള്ള അവബോധം സമൂഹത്തിലുണ്ടാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. കേരളത്തിൽ പതിനായിരത്തിൽ 0.13 എന്ന നിരക്കിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. 6 മുതൽ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ ഈ രോഗത്തെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്.
കുഷ്ഠ രോഗം വായുവിലൂടെയാണ് പകരുന്നത്. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ചികിത്സയിലിരിക്കുന്ന രോഗിയിൽ നിന്നും രോഗാണുക്കൾ വായുവിലൂടെ പകരില്ല. തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, ഇത്തരം ഇടങ്ങളിൽ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ സ്പർശനശേഷി കുറവോ, ഇല്ലാതിരിക്കുകയോ ചെയ്യുക എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങളാണ്. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചർമ്മം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങൾ, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങൾ ആകാം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതൽ അഞ്ചു വർഷം വരെ സമയം എടുക്കുന്നു. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങൾ തടയുന്നതിനും രോഗപ്പകർച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നതാണ്.