സംസ്ഥാനത്തെ പ്രധാന ആശുപത്രികളെ സമയബന്ധിതമായി ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തും. സംസ്ഥാനത്ത് ആകെ 157 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) നേടിയെടുക്കാനായി. 9 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ കൂടുതൽ ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്., ലക്ഷ്യ അംഗീകാരങ്ങൾ നേടിയെടുക്കാനാണ് പരിശ്രമിക്കുന്നത്. ഓരോ ആശുപത്രിയുടേയും നിലവിലുള്ള ഭൗതിക സാഹചര്യങ്ങൾ, മാനവവിഭവ ശേഷി, സേവനങ്ങൾ തുടങ്ങി എൻ.ക്യു.എ.എസ് അനുശാസിക്കുന്ന 8 പ്രധാന തലങ്ങൾ ഉറപ്പ് വരുത്തിയാണ് ഇത് നേടിയെടുക്കുന്നത്. രോഗികൾക്കും ജീവനക്കാർക്കും ഒരുപോലെ ഇതെല്ലാം സഹായകരമാകും. ഒരു വർഷത്തിനുള്ളിൽ ആശുപത്രികളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
പദ്ധതിയിലേക്കായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തതു 29 ആശുപത്രികൾ ആണ്. ഈ ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനുള്ള പരിശ്രമത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും സഹകരണം ഉറപ്പാക്കും.
തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളുടെ വികസന സമിതികൾ എൻ.ക്യു.എ.എസ്. ഒരു അജൻഡയായി സ്വീകരിച്ച് പ്രവർത്തനങ്ങൾ നടത്തും. വിവിധ സർക്കാർ ഫണ്ടുകൾ, എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്, സിഎസ്ആർ ഫണ്ട്, എന്നിവയുപയോഗിച്ച് ഓരോ ആശുപത്രിയും ഏറ്റവും മികച്ചതാക്കും. ആശുപത്രികളിൽ ഗുണനിവവാരം ഉറപ്പ് വരുത്താൻ ഓരോ ജില്ലയിലും ക്വാളിറ്റി ടീമിനെ ശക്തിപെടുത്തും. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നൽകുന്നത്.
എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന ആശുപത്രികൾക്ക് സാമ്പത്തികവും അല്ലാത്തതുമായ നേട്ടങ്ങളുണ്ട്. പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും. ഇതും ആശുപത്രി വികസനത്തിന് ഏറെ സഹായിക്കും.