ക്രിസ്തുമസ് ന്യൂ ഇയർ സമയമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം
എല്ലാ ജില്ലകളുടേയും അവലോകന യോഗം ചേർന്നു
മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവർത്തനം ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ആശുപത്രി ഉപയോഗം, രോഗനിർണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കോവിഡ് കേസുകളുടെ വർധനവിന്റെ നിരക്കനുസരിച്ച് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതാണ്. വിമാനത്താവളങ്ങളിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര നിർദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന 2 ശതമാനം പേരുടെ സാമ്പിളുകൾ പരിശോധിക്കും.
സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകൾ വളരെ കുറവാണ്. രണ്ടാഴ്ചയിലെ കണക്കെടുത്താൽ പ്രതിദിന കേസുകൾ 100ന് താഴെ മാത്രമാണ്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം കൂടുതൽ ശക്തിപ്പെടുത്തും. എയർപോർട്ടുകളിലും സീപോർട്ടിലും ആർക്കെങ്കിലും കോവിഡ് പോസിറ്റീവായാൽ ആ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്നതാണ്.
മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത കൂടുതലായി ഉറപ്പ് വരുത്തും. എല്ലാ ആശുപത്രികളിലുമുള്ള ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ, അവയുടെ ഉപയോഗം എന്നിവ നിരന്തരം വിലയിരുത്തും. കോവിഡ് വാക്സിൻ എടുക്കാനുള്ളവർ വാക്സിൻ എടുക്കണം. കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നതാണ്. ജനങ്ങളിൽ കോവിഡ് അവബോധം
ശക്തിപ്പെടുത്തും.
ജില്ലാ അടിസ്ഥാനത്തിൽ എല്ലാ ജില്ലകൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ക്രിസ്തുമസ് ന്യൂ ഇയർ സമയമായതിനാൽ എല്ലാവരും യാത്രാ വേളകളിൽ പ്രത്യേകം ശ്രദ്ധിക്കണം. പൊതുയിടങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും മാസ്ക് ധരിക്കണം. കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീട്ടിലുള്ള കുട്ടികൾക്കും പ്രായമുള്ളവർക്കും മറ്റ് ഗുരുതര രോഗങ്ങളുള്ളവർക്കും പ്രത്യേകം കരുതൽ വേണം. കോവിഡ് അവർക്ക് ഉണ്ടാകാതിരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ആർക്കും മറ്റൊരാളിൽ നിന്നും കോവിഡ് പകരാതിരിക്കാൻ ശ്രദ്ധയുണ്ടാകണം. ഭീതി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുത്.