Service of super specialty doctors at finger tips

ഒരുലക്ഷം പേർക്ക് സേവനം നൽകി ഹിറ്റായി ഇ-സഞ്ജീവനി

ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനം വഴി ഒരു 1.02 ലക്ഷം പേർക്ക് ഡോക്ടർ ടു ടോക്ടർ സേവനം നൽകി. മെഡിക്കൽ കോളേജുകളിൽ പോകാതെ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും എല്ലാ സൂപ്പർ സ്പെഷ്യലിറ്റി സേവനങ്ങളും ഇതിലൂടെ ലഭ്യമാകും. മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിൽ സ്വകാര്യ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.

ജില്ല ജനറൽ ആശുപത്രികൾ മുഖേന സ്പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കൽ കോളേജുകൾ വഴി സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും, അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്പോക്കായാണ് പ്രവർത്തിക്കുക. ജില്ല, ജനറൽ ആശുപത്രികളും, മെഡിക്കൽ കോളേജുകളും ഹബ്ബായിട്ടും പ്രവർത്തിക്കും.

സ്പോക്ക് ആശുപത്രിയിലെ ഡോക്ടർ പ്രാഥമിക പരിശോധന നടത്തി രോഗിയെ സ്പെഷ്യലിസ്റ്റ് ഡോക്ടർക്ക് റെഫർ ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കിൽ ജില്ല, ജനറൽ, മെഡിക്കൽ കോളേജിലെ ഹബ്ബിലെ ഡോക്ടറിലേക്ക്, ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി കണക്ട് ചെയ്യും. ഇതിലൂടെ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മെഡിക്കൽ കോളേജുകളിലേക്കും, ജില്ല ആശുപത്രികളിലേക്കും പോകാതെ തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകും.

ഇ-സഞ്ജീവനി ഒപിഡിയിൽ നിലവിൽ 4.88 ലക്ഷത്തിൽ അധികം പരിശോധനകൾ നടന്നു. വീഡിയോ കോൺഫറൻസ് വഴി ജനങ്ങൾക്ക് ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കും. ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശവർക്കർമാർ, സ്റ്റാഫ് നഴ്സുമാർ എന്നിവർക്കും ഡോക്ടർ ടു ഡോക്ടർ സംവിധാനം വഴി ഡോക്ടർമാരുടെ സേവനം രോഗികൾക്ക് നൽകാവുന്നതാണ്.

https://esanjeevaniopd.in/kerala എന്ന വെബ് സൈറ്റ് വഴിയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ വഴിയോ ഇ സഞ്ജീവനി സേവനം ലഭ്യമാണ്. സംശയങ്ങൾക്ക് ദിശ 104, 1056 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.