സർക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി സംസ്ഥാന വനിത വികസന കോർപ്പറേഷന് കീഴിൽ കോളേജുകളിൽ പ്രവർത്തിക്കുന്ന വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബുകൾ സംഘടിപ്പിച്ചു. 14 ജില്ലകളിലെ 42 കേന്ദ്രങ്ങളിൽ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിന് മുൻവശത്ത് ആണ് സംസ്ഥാനതല ഫ്ളാഷ് മോബ് നടന്നത്.
തിരുവനന്തപുരത്ത് ആൾ സെയിന്റ്സ് കോളേജ് വിദ്യാർത്ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വനിത വികസന കോർപ്പറേഷൻ വിവിധ കർമ്മ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. മിത്ര 181 ഹെൽപ് ലൈനിൽ ലഹരിക്ക് അടിമപ്പെട്ട വനിതകൾക്കും, അവരുടെ സ്ത്രീകളായ ബന്ധുക്കൾക്കും കൗൺസലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കോർപ്പറേഷന്റെ വിമൻ സെൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 100 കോളേജുകളിൽ കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.