All institutions will participate in the anti-drug campaign

മുഴുവന്‍ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയനില്‍ പങ്കാളികളാകും

ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഹരിവിരുദ്ധ കാമ്പയനില്‍ പങ്കാളികളാകും. സര്‍ക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഒക്‌ടോബര്‍ 2 (ഗാന്ധി ജയന്തി ദിനം) മുതല്‍ നവംബര്‍ 1 (കേരള പിറവി) വരെ എല്ലാ സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാകും.

ഈ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ പ്രത്യേകമായി ഈ കാലയളവില്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. പട്ടികജാതി, പട്ടിക വര്‍ഗ മേഖലകളിലും, അതിഥി തൊഴിലാളികള്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളിലും, തീരദേശ മേഖലകളിലും ശക്തമായ ബോധവത്ക്കരണവും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അവബോധ പോസ്റ്റര്‍, ബോര്‍ഡ് തുടങ്ങിയവ സംസ്ഥാനത്താകെ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം ഒരേ രീതിയില്‍ സ്ഥാപിക്കും. വകുപ്പുകളുടെ കീഴിലുള്ള സംഘടനകളോടും സഹകരണ സ്ഥാപനങ്ങളോടും സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇതുകൂടാതെ ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകള്‍ മുഖാന്തിരം നിലവില്‍ നടത്തി വരുന്ന ലഹരിവിരുദ്ധ, ലഹരി നിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഈ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡീഅഡിക്ഷന്‍ സെന്ററുകള്‍, വിമുക്തി ക്ലിനിക്കുകള്‍ മുതലായവ നിലവിലെ സ്ഥിതി അവലോകനം ചെയ്ത് കൂടുതല്‍ ശക്തിപ്പെടുത്തുത്തും.

ആരോഗ്യ സര്‍വകലാശാലയുമായി അഫിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മെഡിക്കല്‍ കോളേജുകള്‍, മറ്റ് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മറ്റ് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോമുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ, ലഹരി നിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ ഊര്‍ജ്ജിതമായി നടത്തും.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാര്‍, സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയ മുഴുവന്‍ ഫീല്‍ഡ് വിഭാഗം പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.