ആകെ 148 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്.
സംസ്ഥാനത്തെ ഒമ്പത് ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. ഏഴ് ആശുപത്രികൾക്ക് പുനഃ അംഗീകാരവും രണ്ട് ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവുമാണ് ലഭിച്ചത്. തിരുവനന്തപുരം എഫ്എച്ച്സി കോട്ടുകാൽ 92 ശതമാനം സ്കോറും മലപ്പുറം എഫ്എച്ച്സി ഓഴൂർ 98 ശതമാനം സ്കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായി. അഞ്ചു ജില്ലാ ആശുപത്രികൾ, നാലു താലൂക്ക് ആശുപത്രികൾ, എട്ടു സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 93 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.
പാലക്കാട് സിഎച്ച്സി കടമ്പഴിപ്പുറം 86%, കോട്ടയം എഫ്എച്ച്സി വാഴൂർ 93%, പാലക്കാട് പിഎച്ച്സി ശ്രീകൃഷ്ണപുരം 94%, കാസർഗോഡ് പിഎച്ച്സി വലിയപറമ്പ് 90%, കോട്ടയം യുപിഎച്ച്സി പെരുന്ന 93.70%, കാസർഗോഡ് പിഎച്ച്സി കയ്യൂർ 95%, പിഎച്ച്സി കരിന്ദളം 94% എന്നീ കേന്ദ്രങ്ങൾക്കാണ് മൂന്ന് വർഷത്തിന് ശേഷം പുന: അംഗീകാരം ലഭിച്ചത്.
സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്സ്, ഇൻപുട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കണ്ട്രോൾ, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ എട്ടു വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നൽകുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നൽകുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്നു വർഷ കാലാവധിയാണുളളത്. മൂന്നു വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും.