കോന്നി മെഡിക്കല്‍ കോളേജിന് അടിയന്തരമായി 4.43 കോടി
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി അടിയന്തരമായി 4,42,86,798 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഈ വര്‍ഷം തന്നെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നത്. മെഡിക്കല്‍ കമ്മീഷന് പറയുന്ന നിബന്ധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അനുവദിച്ച തുകയില്‍ നിന്നും 70 ലക്ഷം രൂപയുടെ വീതം 2 മോഡ്യുലാര്‍ ഓപ്പറേഷന് തീയറ്ററുകള്‍ സജ്ജമാക്കുന്നതാണ്. ഫര്‍ണിച്ചറുകള്‍ക്കായി 32.85 ലക്ഷം രൂപയും, ബുക്കുകള്‍ക്കും ജേര്‍ണലുകള്‍ക്കുമായി 35 ലക്ഷം രൂപയും അനുവദിച്ചു.
ഐസിയു അനുബന്ധ ഉപകരണങ്ങള്‍, ഇഎന്‍ടി സര്‍ജറി, ഗൈനക്കോളജി എന്നിവയ്ക്ക് ആവശ്യമായ മെറ്റീരിയലുകള്‍, ബയോകെമിസ്ട്രി, മൈക്രോബയോളജി വിഭാഗത്തിനുള്ള റീയേജന്റുകള്‍, കെമിക്കല്‍, കിറ്റുകള്‍, പത്തോളജി വിഭാഗത്തിനുള്ള മെറ്റീരിയലുകള്‍, കിറ്റുകള്‍, ഓര്‍ത്തോപീഡിക് സര്‍ജറിയ്ക്കുള്ള ഉപകരണങ്ങള്‍, അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന്, പേഷ്യന്റ് വാമര്‍, മള്‍ട്ടിപാര മോണിറ്റര്‍, ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ്, ഡെന്റല്‍, പീഡിയാട്രിക്, പള്‍മണോളജി, ഫിസിയോളജി എന്നീ വിഭാഗങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കായാണ് തുകയനുവദിച്ചത്.
കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍, ലേബര്‍ റൂം, ബ്ലഡ് ബാങ്ക് എന്നിവ സമയബന്ധിതമായി യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്.ഐ., കാത്ത്ലാബ്, ന്യൂറോളജി സേവനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങള്‍ എന്നിവയും ലക്ഷ്യമിടുന്നു.
കോന്നി മെഡിക്കല്‍ കോളേജിന്റെ വിപുലീകരണത്തിന് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും 351.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 264.50 കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും 87.22 കോടി രൂപ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും വേണ്ടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 6.75 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നല്കി. ഇതിലൂടെ പത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ 128 സ്ലൈസ് സിടി സ്കാനിംഗ് മെഷീന് കോന്നി മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നു. ഇതുകൂടാതെ കോന്നി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 19.5 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെയാണ് അടിയന്തരമായി ഇത്രയും തുക അനുവദിക്കുന്നത്.