ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണം: മന്ത്രി വീണാ ജോര്‍ജ്
നവകേരളം കര്‍മ്മ പദ്ധതി 2: ജില്ലാതല ഉദ്യോഗസ്ഥരുടെ ശില്പശാല
തിരുവനന്തപുരം: ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ രോഗീ സൗഹൃദമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കണം. നല്ല രീതിയിലുള്ള പെരുമാറ്റം വകുപ്പില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ആശുപത്രിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമുണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. നവകേരള കര്‍മ്മ പദ്ധതി രണ്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ ശില്പശാലയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, നവകേരളം കര്‍മ്മ പദ്ധതി രണ്ട് ജില്ലാ നോഡല്‍ ഓഫീസര്‍ എന്നിവര്‍ ശില്പശാലയില് പങ്കെടുത്തു. നവകേരള കര്‍മ്മ പദ്ധതി രണ്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു.
നവകേരളം കര്‍മ്മ പദ്ധതി രണ്ട് കോഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ജമീല, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്. രാജു, എസ്.എച്ച്.എസ്.ആര്.സി. എക്സി. ഡയറക്ടര്‍ ഡോ. ജിതേഷ് എന്നിവര്‍ പങ്കെടുത്തു.