ആലുവയിൽ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്നും 1 ലക്ഷം രൂപ അനുവദിക്കും. കുട്ടിക്ക് എറണാകുളം മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയിൽ 10,000 രൂപ അടിയന്തരമായി നൽകിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നൽകാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, സൂപ്പർവൈസർ, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലവും ആശുപത്രിയും സന്ദർശിച്ച് മേൽനടപടികൾ സ്വീകരിച്ചു. പ്രതിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.