Free heart surgery for more than 6000 babies

ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി . ഈ വർഷം ഇതുവരെ 561 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ വലിയ ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നത്. ഹൃദ്യം പദ്ധതി വഴി ഹൃദയ ശസ്ത്രക്രിയ നടത്താൻ കൂടുതൽ ആശുപത്രികളിൽ സൗകര്യങ്ങളൊരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു.

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനാകും. 9 സർക്കാർ, സ്വകാര്യ ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി ഉൾപ്പെടെ കൂടുതൽ ആശുപത്രികളിൽ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുന്നതാണ്. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കും. നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ഹൃദയ ശസ്ത്രക്രിയയും ചികിത്സയും തുടർ പരിചരണവും നടത്താനാകും. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പോലും പ്രസവം മുതലുള്ള തുടർ ചികിത്സകൾ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാക്കുന്നു.

ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന തുടർപിന്തുണാ പദ്ധതിയും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്. ഈ കുഞ്ഞുങ്ങളെ പരിശോധന നടത്തി അതിൽ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയവർക്ക് ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകൾ വഴി തുടർ ചികിത്സ ഉറപ്പാക്കി വരുന്നു.