5 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം
ആകെ 177 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്.
സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. (നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്) അംഗീകാരം ലഭിച്ചു. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും 4 ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്കോർ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.
കണ്ണൂർ പാട്യം കുടുംബാരോഗ്യ കേന്ദ്രം 97% സ്കോറും, എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം 93% സ്കോറും, തൃശ്ശൂർ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം 91% സ്കോറും, മലപ്പുറം ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രം 90 % സ്കോറും നേടിയാണ് പുന:അംഗീകാരം നേടിയത്.
ഇതോടെ സംസ്ഥാനത്തെ 177 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 81 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 118 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.
8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇത് കൂടുതൽ സഹായിക്കും.