NQAS has been granted to 230 health institutions in the state.

4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 230 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരവും ഒരു ആരോഗ്യ സ്ഥാപനത്തിന് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 230 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

മലപ്പുറം നിറമരുതൂര്‍ ജനകീയ ആരോഗ്യ കേന്ദ്രം, കോഴിക്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം, പത്തനംതിട്ട നഗര കുടുംബാരോഗ്യ കേന്ദ്രം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. കണ്ണൂര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്‍.ക്യു.എ.എസ്. പുന:അംഗീകാരവും, ലക്ഷ്യ പുന:അംഗീകാരവും നേടി.

ഇതോടെ സംസ്ഥാനത്തെ 7 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 152 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 9 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. ആകെ 14 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ അംഗീകാരവും 5 ആശുപത്രികള്‍ക്ക് മുസ്‌കാന്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

എന്‍.ക്യു.എ.എസ്./ലക്ഷ്യ അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.