3 more health institutions get national quality accreditation

3 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആകെ 201 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്.

സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു ആരോഗ്യ സ്ഥാപനത്തിന് പുതുതായി അംഗീകാരവും രണ്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് 3 വർഷത്തിന് ശേഷം പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് കുടുംബാരോഗ്യ കേന്ദ്രം 96.53 ശതമാനം സ്‌കോർ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. തൃശൂർ ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രം 87.08 ശതമാനം സ്‌കോറും, വയനാട് മുണ്ടേരി കൽപറ്റ നഗര കുടുംബാരോഗ്യ കേന്ദ്രം 95.67 ശതമാനം സ്‌കോറും നേടിയാണ് പുന:അംഗീകാരം നേടിയെടുത്തത്.

ഇതോടെ സംസ്ഥാനത്തെ 201 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 136 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ് അംഗീകാരം നേടി.

എൻ.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കുന്നു. കൂടുതൽ ആശുപത്രികൾ എൻ.ക്യു.എ.എസ്. നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.