2023ലെ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുത്തും. ആലുവ കേസില്‍ പരമാവധി ശിക്ഷയാണ് കോടതി പ്രതിയ്ക്ക് വിധിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിലാണ് ഈ വിധി. പോലീസ്, പ്രോസിക്യൂഷന്‍, പോക്‌സോ കോടതി തുടങ്ങിയ എല്ലാവര്‍ക്കും പ്രത്യേക നന്ദിയും ആദരവും അറിയിക്കുന്നു. ഈ വിധി എല്ലാവര്‍ക്കുമുള്ള സന്ദേശം കൂടിയാണ്. കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷ ഉറപ്പാക്കേണ്ടതിനും പൊതുസമൂഹത്തിന് പങ്കുണ്ട്. ഇനി ഇത്തരത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്ന് കണ്ടാണ് പരമാവധി ശിക്ഷ കോടതി വിധിച്ചത്.
ഓരോ കുഞ്ഞിന്റേയും കഴിവ് വ്യത്യസ്തമാണ്. അത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. രാഷ്ട്രത്തിന്റെ ഭാവി കുഞ്ഞുങ്ങളില്‍ സുരക്ഷിതമാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണം പ്രധാനമാണ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കാവല്‍ പ്ലസ്, ശരണബാല്യം എന്നിവ അവയില്‍ ചിലത് മാത്രം. ആത്മവിശ്വാസത്തോടെ വളരാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അതിന് പൊതു സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. എല്ലാ പ്രിയപ്പെട്ട മക്കള്‍ക്കും ശിശുദിനാശംസകള്‍ നേരുന്നു.